സി.ബി.എസ്.ഇ പരീക്ഷാകേന്ദ്രങ്ങള്‍ 3000-ത്തില്‍ നിന്നും 15000 ആക്കുന്നു

ജൂലൈ ഒന്നിന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷകള്‍ക്കായി 15000 കേന്ദ്രങ്ങളൊരുക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. 3000 പരീക്ഷാകേന്ദ്രങ്ങള്‍ 15000 ആയി ഉയര്‍ത്തുമെന്നാണ് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. സാമൂഹിക അകലം ഉറപ്പാക്കാനായാണ് ഊ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിച്ചു വേണം പരീക്ഷയ്‌ക്കെത്താന്‍. സാനിറ്റൈസറുകളും പരീക്ഷയ്ക്ക് കൊണ്ടുവരാം. പരീക്ഷാഹാളില്‍ കയറുന്നതിന് മുമ്പ് തെര്‍മല്‍ ചെക്കിങ്ങും ഉണ്ടാകും. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ അനുസരിച്ച് എന്റോള്‍ ചെയ്ത സ്‌കൂളുകളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം.

കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യവും ഒരുക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.