ഡോ. സെബാസ്‌ററ്യന്‍ പോള്‍
സജി ചെറിയാന്റെ നാവില്‍ ഗുളികനൊഴിഞ്ഞ നേരമില്ല. എം എം മണിയെപ്പോലെ അപൂര്‍വം ചിലര്‍ക്ക് മാത്രം അസുലഭമായി ലഭിക്കുന്ന വാഗ്‌സൗഭാഗ്യത്താല്‍ അനുഗ്രഹീതനാണ് വെള്ളം പൊങ്ങിയപ്പോള്‍ സ്വന്തം ജനത്തെയോര്‍ത്ത് വിലപിച്ച സജി ചെറിയാന്‍. ഭരണഘടനയിലെ പാവനമായി കരുതപ്പെടുന്ന തത്ത്വങ്ങളെ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന കുന്തവും കുടച്ചക്രവുമായി കണ്ട് വിലപ്പെട്ട മന്ത്രിസ്ഥാനം കളഞ്ഞുകുളിച്ച ആളാണദ്ദേഹം. ഭരണഘടന വൈദേശികമാണെന്നും പകരം നാഗപൂരില്‍ തയ്യാറാക്കുന്ന സ്വദേശി ഭരണഘടനയാണ് അഭികാമ്യമെന്നും പറയുന്ന പാര്‍ട്ടി ബിജെപിയാണ്. ആ പാര്‍ട്ടിയോട് കീരിയും പാമ്പും തമ്മിലെന്നപോലെ അടുപ്പം കാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിന്റെ ഭരണഘടനാസംരക്ഷണ സദസുകള്‍ സംസ്ഥാനത്തുടനീളം നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. അവിടെയൊക്കെ സജി ചെറിയാനെ അപകടത്തിലാക്കാതെ സംസാരിക്കുകയെന്ന അഭ്യാസം ഞാണിന്മേല്‍ കളി ഒട്ടും വശമില്ലാത്ത ഞാന്‍ വിജയകരമായി നടത്തിയിട്ടുണ്ട്. അതിന്റെകൂടി ഇംപാക്ട് എന്നു വേണമെങ്കില്‍ പറയാം സജി ചെറിയാന് മന്ത്രിസ്ഥാനം തിരിച്ചുകിട്ടി. കുന്തവും കുടച്ചക്രവുമെന്ന് അദ്ദേഹം വിശേഷിപ്പിച്ച സാധനത്തെ സാക്ഷിയാക്കി അദ്ദേഹം മന്ത്രിയായി. അദ്ദേഹത്തിനോ ഭരണഘടനയ്‌ക്കോ വിശേഷിച്ചൊരു കുഴപ്പവുമുണ്ടായില്ല. മന്ത്രിയായില്ലെങ്കിലും ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിധേയത്വവും പ്രകടിപ്പിക്കുന്ന എന്നെപ്പോലുള്ളവര്‍ക്കാണ് ജാള്യതയുണ്ടായത്.
സജി ചെറിയാന്റെ പുതിയ പ്രകടനം ബിഷപ്പുമാര്‍ക്കെതിരെയാണ്. ക്രിസ്മസിന് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിച്ച ബിഷപ്പുമാരോടാണ് സംസ്ഥാന മന്ത്രിക്കു രോഷം. പ്രധാനമന്ത്രിയുടെ ക്ഷണത്തെ ബിജെപിയുടെ ക്ഷണമായാണ് സജി ചെറിയാന്‍ കാണുന്നത്. നവകേരള പ്രഭാതസദസിലേക്കുള്ള ക്ഷണം മുഖ്യമന്ത്രിയുടേതോ അതോ പാര്‍ട്ടിയുടേതോ? അതോ സര്‍ക്കാരിന്‍േറതോ? ഏതായാലും ധാരാളം ബിഷപ്പുമാര്‍ പിണറായിയുടെ പ്രഭാതസദസില്‍ സന്നിഹിതരായിരുന്നു. അവരെല്ലാവരും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോട് അടുപ്പമോ ആഭിമുഖ്യമോ ഉള്ളവരായിരുന്നില്ല. പ്രധാനമന്ത്രിയുടെ ക്ഷണത്തെ ബിജെപിയുടെ ക്ഷണമായി കണ്ടത് സജി ചെറിയാനു സംഭവിച്ച ആദ്യത്തെ പിഴ. നമ്മുടെ മുഖ്യമന്ത്രി മാത്രമല്ല ഒരു പക്ഷേ സജി ചെറിയാന്‍തന്നെ പ്രധാനമന്ത്രിയുടെ ചായ കുടിച്ചിട്ടുണ്ടാവണം. ചായയില്‍ പഞ്ചസാര ഉണ്ടോ എന്നല്ലാതെ കാവി കലര്‍ന്നിട്ടുണ്ടോ എന്ന് ആരും നോക്കാറില്ല. ഇന്ത്യയിലെ നിസ്സാരമെങ്കിലും നിസ്സാരവല്‍കരിക്കാനാവാത്ത ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. അവരുടെ ഉന്മൂലനം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി കാണുന്ന കൂട്ടര്‍ രാജ്യം ഭരിക്കുമ്പോള്‍ പല പ്രശ്‌നങ്ങളുമുണ്ട്. നീളുന്ന പട്ടികയില്‍ ഏറ്റവും പുതിയതാണ് മണിപ്പുര്‍. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെയും ക്രൈസ്തവ സഭാനേതൃത്വം കൈകാര്യം ചെയ്ത രീതിയോട് പൂര്‍ണമായും യോജിപ്പുള്ള ആളല്ല ഞാന്‍. അതിനര്‍ത്ഥം എല്ലാ നല്ല കാര്യങ്ങളോടും മുഖം തിരിച്ചു നില്‍ക്കുമെന്നല്ല. അധികാരിയോട് സംസാരിക്കാന്‍ അവസരം കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തണം. ചിലപ്പോള്‍ അവര്‍ നാഥാന്‍ പ്രവാചകനെപ്പോലെ വിരല്‍ ചൂണ്ടിയും കുറ്റപ്പെടുത്തിയും സംസാരിച്ചു എന്നിരിക്കും. അതിനുള്ള സ്വാതന്ത്ര്യവും ആര്‍ജവമുള്ള വിവേചനാധികാരവും ബിഷപ്പുമാര്‍ക്കുണ്ട്. മന്ത്രിയാകാന്‍ ക്ഷണിക്കുമ്പോള്‍ ചിലര്‍ക്ക് രോമാഞ്ചമുണ്ടാകുന്നതുപോലെ ബിജെപി ചായയ്ക്ക് ക്ഷണിക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നവരല്ല ബിഷപ്പുമാര്‍. മന്ത്രിയുടെ പൈങ്കിളി പ്രസ്താവനയില്‍ ബിഷപ്പുമാരുടെയല്ല, മന്ത്രിയുടെ വിലയാണ് കളഞ്ഞത്.
കമ്യൂണിസ്റ്റാകുന്നതിനുമുമ്പ് സജി ചെറിയാന്‍ ക്രിസ്ത്യാനി ആയിരുന്നു. അദ്ദേഹത്തിന്റെ പേരില്‍നിന്ന് ലഭിക്കുന്ന സൂചന അതാണ്. ഭരണഘടനയുമായുള്ളത്ര പരിചയം അദ്ദേഹത്തിന് ബൈബിളുമായും ഉണ്ടാകണം. ബൈബിളില്‍ പല സന്ദര്‍ഭങ്ങളിലും മനോഹരമായി വിവരിക്കുന്ന ചെടിയാണ് മുന്തിരി. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവേളയില്‍ വീഞ്ഞ് നിറച്ച ചഷകം ഉയര്‍ത്തിക്കൊണ്ടാണ് യേശു ഇത് എന്റെ രക്തമാകുന്നു എന്നു പറഞ്ഞത്. ആയതിന്റെ െദെവശാസ്ത്രപരമായ അര്‍ത്ഥം മനസ്സിലാക്കാതെ സംസാരിച്ചതുകൊണ്ടാണ് ശിവദാസ മേനോന്‍ ഒരിക്കല്‍ കുഴപ്പത്തിലായത്. കേക്കുംവൈനും ക്രിസ്മസിനു മാത്രമല്ല ക്രിസ്ത്യാനികളുടെ വിവാഹം ഉള്‍പ്പെടെയുള്ള ഔപചാരികമായ ചടങ്ങുകളിലെല്ലാം ഒഴിവാക്കാനാവാത്ത ഇനമാണ്.
Read more
നരേന്ദ്ര മോദി ചായയാണോ വെനാണോ ബിഷപ്പുമാര്‍ക്ക് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുന്തിരിയിട്ട സാധനം എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. വീര്യമുള്ള വീഞ്ഞ് മുതല്‍ മുന്തിയ ബ്രാണ്ടി വരെ ”മുന്തിരിയിട്ട സാധന”ങ്ങളാണ്. മോദിയുടെ െകെയിലുള്ളതിനേക്കാള്‍ മുന്തിയ ഇനങ്ങള്‍ ബിഷപ്പുമാരുടെ കയ്യിലുണ്ടാകും. അപ്രസക്തവും അര്‍ത്ഥരഹിതവുമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. ഇത്തരം ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ പാര്‍ട്ടിയെ എത്രമാത്രം ക്ഷീണിപ്പിക്കുമെന്ന് പാര്‍ട്ടി തിരിച്ചറിയണം. വീഞ്ഞെന്നോ വൈനെന്നോ പറയാന്‍പോലുമുള്ള പരിചയം അത്തരം വസ്തുക്കളുമായി തനിക്കില്ലെന്ന മട്ടിലുള്ള നാട്യത്തില്‍ കാപട്യമുണ്ട്. മുന്തിരിയിട്ട സാധനങ്ങള്‍ എന്ന പ്രയോഗത്തില്‍ അരോചകമായ കാപട്യം പ്രതിഫലിക്കുന്നു. ബിഷപ്പുമാരെ രാഷ്ട്രീയമായും അല്ലാതെയും വിമര്‍ശിക്കുന്നതിന് ധാരാളം കാരണങ്ങള്‍ ഉള്ളപ്പോള്‍ മന്ത്രിയുടെയും ബിഷപ്പിന്റെയും അന്തസ്സിനു നിരക്കാത്ത പരാമര്‍ശം ഉത്തരവാദപ്പെട്ട മന്ത്രിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.