ബോളിവുഡില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ചയായ സിനിമകളില്‍ ഒന്നാണ് കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസ്’. വിവാഹം കഴിഞ്ഞ് ട്രെയ്‌നില്‍ സഞ്ചരിക്കവെ വധുവിനെ മാറിപ്പോകുന്ന കഥയാണ് ചിത്രം പറഞ്ഞത്. മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏപ്രില്‍ 26ന് ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതോടെയാണ് കൂടുതല്‍ ചര്‍ച്ചയായി മാറിയത്.
ഇതിനിടെ ലാപതാ ലേഡീസ് ചിത്രത്തിന് തന്റെ സിനിമയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആനന്ദ് മഹാദേവന്‍. ഒരു അഭിമുഖത്തിനിടെയാണ് 1999ല്‍ താന്‍ സംവിധാനം ചെയ്ത ‘ഘുന്‍ഘട്ട് കേ പട് ഖോല്‍’ എന്ന സിനിമയുമായി ലാപതാ ലേഡീസിന് സാമ്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്.
ഇതിനെതിരെ പ്രതികരിച്ച് ലാപതാ ലേഡീസിന്റെ തിരക്കഥാകൃത്ത് ബിലപ് ഗോസാമി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആനന്ദ് മഹാദേവന്‍. ഡയറക്ടേഴ്സ് കട്ട് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ആനന്ദ് ‘ഘുന്‍ഘട്ട് കേ പട് ഖോല്‍’ എന്ന ചിത്രം ഒരുക്കിയത്.
ബസ് കാത്തുനില്‍ക്കവെ വധുവിന് ഭര്‍ത്താവിനെ മാറിപ്പോകുന്ന, സത്യന്‍ കപു എന്ന നടന്റെ ജീവിതത്തെ ആസ്പദമാക്കി ആയിരുന്നു ഈ സിനിമ എടുത്തത്. സമാനമായ കഥയാണ് ലാപതാ ലേഡീസിനും. ഒരു വധു മറ്റൊരു വരന്റെ കൂടെ ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറഞ്ഞത്.
എന്നാല്‍ താന്‍ വിവാദമാക്കാനല്ല പറഞ്ഞത്, തനിക്ക് പരാതിയില്ല എന്നാണ് ആനന്ദ് മഹാദേവന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരിക്കുന്നത്. സിനിമകള്‍ തമ്മിലുള്ള സാമ്യത യാദൃശ്ചികമായിരിക്കാം. തന്റെ സിനിമ യൂട്യൂബില്‍ നാല്‍പ്പതിനായിരത്തിലേറെ പേര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴത് അപ്രത്യക്ഷമായി. അതിന്റെ കാരണം അറിയില്ല എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.