ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായി ‘ലാപതാ ലേഡീസ്’ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം നടന്റെ മുന്‍ ഭാര്യ കിരണ്‍ റാവു ആണ് സംവിധാനം ചെയ്തത്. ചിത്രം ഓസ്‌കറില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തിയ നടന്‍ രവി കിഷന്‍ പങ്കുവച്ച അനുഭവങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആഗോള പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ ഇന്ത്യയെ കാണാന്‍ കഴിയും. ഇതെല്ലാം ദൈവത്തിന്റെ കൃപയും കിരണ്‍ മാഡത്തിന്റെ കഠിനാധ്വാനത്തിന്റെയും ഫലവുമാണ്.
എല്ലാ ക്രെഡിറ്റും കിരണ്‍ റാവുവിനും ആമിര്‍ ഖാനും എഴുത്തുകാര്‍ക്കും അവകാശപ്പെട്ടതാണ്. സിനിമയില്‍ ഏത് നേരവും വെറ്റില മുറുക്കാന്‍ ചവയ്ക്കുന്ന കഥാപാത്രമാണ് രവി കിഷന്റേത്. ലാപതാ ലേഡീസിനായി ഞാന്‍ 160 പാനുകളാണ് കഴിച്ചത്. ഞാനത് എണ്ണിനോക്കി. കാരണം ഇത് എന്റെ ആദ്യത്തെ പാന്‍ ഇന്ത്യ സിനിമ കൂടിയായിരുന്നു.
പാന്‍ ആരോഗ്യത്തിന് നല്ലതല്ല. ഞാന്‍ പാനിന് അടിമയല്ല. എന്റെ കഥാപാത്രത്തിന് എപ്പോഴും എന്തെങ്കിലും കഴിക്കാനുണ്ടെന്ന് കിരണ്‍ റാവു പറഞ്ഞിരുന്നു. സമൂസയാകാമെന്ന് അവര്‍ പറഞ്ഞു. എങ്കില്‍ പാന്‍ ആകാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയാണ് താന്‍ പാന്‍ തിരഞ്ഞെടുത്തത് എന്നാണ് രവി കിഷന്‍ പറയുന്നത്.
അതേസമയം, വിവാഹിതരായ രണ്ട് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാര്‍ച്ച് ഒന്നിന് തിയേറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ ഏറെ ചര്‍ച്ചയാവുകയായിരുന്നു. ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.