ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ജുഗ് ജുഗ് ജീയോ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിന്റെ സംവിധായകന്‍ രാജ് മെഹ്തയ്ക്കും കോവിഡ് പൊസിറ്റീവാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അനില്‍ കപൂറിനും കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ അനില്‍ കപൂറിന് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് താരത്തിന്റെ സഹോദരനും സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂര്‍ വ്യക്തമാക്കി. അനില്‍ കപൂര്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മുംബൈയിലേക്ക് തിരിച്ചു വരികയാണെന്നും ബോണി കപൂര്‍ പ്രതികരിച്ചു.
ചിത്രത്തിലെ നായിക കിയാര അദ്വാനിക്കും കോവിഡ് നെഗറ്റീവ് ആണ്. നവംബറിലാണ് ജുഗ് ജുഗ് ജീയോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം നീതു കപൂര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.
Read more
ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ വരുണും കിയാരയും എത്തുക. വരുണിന്റെ മാതാപിതാക്കളായാണ് നീതുവും അനിലും വേഷമിടുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.