ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നരബലി കേസിലും ഷാരോണ്‍ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണം എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:

ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നരബലി കേസിലും ഷാരോണ്‍ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.

ഗവര്‍ണറുടെ അധികാരത്തെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്.

സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാന്‍ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

അതേസമയം, ഷാരോണ്‍ കൊലപാതക കേസില്‍ പ്രതി ഗ്രീഷ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. ഇന്നലെ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിന്‍േത് കൊലപതാകമാണെന്ന് പൊലീസ് കണ്ടെത്തിയത്.