'തെരുവിൽ ജനിച്ച ഒരാൾ ജീവിതാവസാനം വരെ അവിടെ ജീവിക്കണോ'; ആഡംബര വസതി വിവാദത്തിൽ പ്രതികരിച്ച് ധനുഷ്

ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള നടൻ ധനുഷിൻ്റെ പുതിയ ആഡംബര വീടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ഈ ബംഗ്ലാവ് സൂപ്പർസ്റ്റാർ രജനികാന്തിൻ്റെയും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വസതികൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വീടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ധനുഷ് ഇപ്പോൾ.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രായനിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ഇതിന് മറുപടി നൽകിയിരിക്കുന്നത്. എന്നെപ്പോലെയുള്ള ഒരാൾക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങിച്ചുകൂടെ എന്നാണ് ധനുഷ് ചോദിക്കുന്നത്. ‘പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങുന്നത് ഇത്രയും വലിയ ചർച്ചാവിഷയമാകുമെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ചെറിയൊരു അപ്പാർട്ട്മെൻ്റ് വാങ്ങുമായിരുന്നു, എന്നെപ്പോലെയുള്ള ഒരാൾക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങേണ്ടേ? തെരുവിൽ ജനിച്ച ഒരാൾ ജീവിതാവസാനം വരെ അവിടെ ജീവിക്കണമെന്നാണോ? എന്നും നടൻ ചോദിച്ചു.

‘പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങിയതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു ദിവസം എൻ്റെ സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങുമ്പോൾ തലൈവരുടെ (രജനികാന്തിൻ്റെ) വീട് കാണാൻ എനിക്ക് ആഗ്രഹം തോന്നി. വഴിയാത്രക്കാരുടെയും പോലീസ് ഓഫീസർമാരുടെയും സഹായത്തോടെ ഞങ്ങൾ അത് സന്തോഷത്തോടെ കണ്ടു മടങ്ങി.

എന്നാൽ തിരികെ ബൈക്കിൽ പോകുമ്പോൾ മറുവശത്ത് വൻ ജനക്കൂട്ടത്തെ കണ്ടു. തലൈവരുടെ വീട് ഇപ്പുറത്താണ്. അത് ആരുടെ വീടാണെന്ന് ചോദിച്ചപ്പോൾ ജയലളിതയുടെ വീടാണെന്ന് ആളുകൾ പറഞ്ഞു. ആ നിമിഷം പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹം എൻ്റെ മനസ്സിൽ ഉടലെടുത്തു’ എന്നാണ് ധനുഷ് പറഞ്ഞത്.

‘അക്കാലത്ത് ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയായിരുന്നു. ‘തുള്ളുവതോ ഇളമൈ’ വിജയിച്ചില്ലെങ്കിൽ ഞങ്ങൾക്ക് തെരുവിൽ ജീവിക്കേണ്ടി വരുമായിരുന്നു. ധനുഷ് അഭിനേതാവായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം സംവിധാനം ചെയ്തത് താരത്തിന്റെ അച്ഛൻ കസ്തൂരി രാജയാണ്. സഹോദരൻ സെൽവരാഘവൻ ആണ് എഴുതിയത്.

20 വർഷത്തെ ജോലിക്ക് ശേഷം ഞാൻ പോയസ് ഗാർഡനിൽ വാങ്ങിയ വീട് വെങ്കിടേഷ് പ്രഭു എന്ന 16 കാരന് താൻ നൽകിയ സമ്മാനമാണ് എന്നും ധനുഷ് പറഞ്ഞു. ധനുഷിന്റെ യാഥാർത്ഥനാമമാണ് വെങ്കിടേഷ് പ്രഭു. നോർത്ത് മദ്രാസിലെ ഒരു ഗ്യാങ്സ്റ്റർ കഥയായ രായൻ ഉൾപ്പെടെ നിരവധി പ്രോജക്റ്റുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ് ഇപ്പോൾ. ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷ് തന്നെയാണ്.