എന്ത് അടിസ്ഥാനത്തിലാണ് എന്റെ സിനിമ മുറിച്ച് മാറ്റിയത്? 'കടുവ'യ്ക്കും ഐ.വി ശശിക്കും ഇല്ലാത്ത സെന്‍സറിംഗ് എനിക്ക് എന്തിന്?; സെന്‍സര്‍ ബോര്‍ഡിന് എതിരെ രാമസിംഹന്‍ കോടതിയിലേക്ക്

സെന്‍സര്‍ ബോര്‍ഡിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് സംവിധായകന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ‘കടുവ’, ‘ചുരുളി’ പോലുള്ള സിനിമകള്‍ റിലീസ് ചെയ്തപ്പോഴും സെന്‍സര്‍ ബോര്‍ഡ് ചര്‍ച്ചയായിരുന്നു.

ഐവി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണ്. സെന്‍സര്‍ ബോര്‍ഡ് അംഗം പാര്‍വ്വതി ബിജെപി അംഗങ്ങളെ സിനിമ കാണാന്‍ വിളിക്കാറില്ലെന്നും രാമസിംഹന്‍ ആരോപിച്ചു. മുറിച്ച് മാറ്റിയത് എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് അവര്‍ പറയുന്നില്ല എന്നാണ് രാമസിംഹന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നത്.

സംവിധായകന്റെ വാക്കുകള്‍:

ഞാന്‍ സിനിമയില്‍ ഒരു പക്ഷവും പിടിച്ചിട്ടില്ല. നല്ലതിനെ നല്ലതും ചീത്തയെ ചീത്തയും ആയി തന്നെ കാണിച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം. ഈ ആഴ്ച കോടതിയില്‍ പോകും. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് അയക്കാനുള്ള പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

നിയമ വിരുദ്ധമായിട്ടാണ് മൊത്തം കാര്യങ്ങളും നടന്നത്. സെന്‍സര്‍ ബോര്‍ഡില്‍ ബിജെപിയുടെ മെമ്പര്‍മാര്‍ വളരെ കുറച്ചാണുള്ളത്. അവരെ വിളിക്കുന്നത് പോലുമില്ല. അവരുടെ ഓഫീസിലേക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ടവരെയേ വിളിക്കൂ. ഇഷ്ടമുള്ളവരെ വിളിച്ച് പ്രിവ്യൂ നടത്തും. ബിജെപിയുടെ പത്തു നാല്‍പ്പത് മെമ്പര്‍മാരുണ്ട്. പക്ഷേ അവരെ വിളിച്ചാല്‍ വിളിച്ചു. അതിന്റെ അവകാശം പാര്‍വതിക്കാണല്ലോ, അവര്‍ക്ക് ഇഷ്ടമുള്ളവരെ വിളിക്കാം.

ഞാനും മെമ്പര്‍ ഒക്കെ തന്നെയാണ്. പക്ഷെ ഞങ്ങളെ ആരും വിളിക്കാറില്ല. ഞാന്‍ അവിടുന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചതാ. കാരണം ഒരു കാര്യവുമില്ല അവിടെ. കഴിഞ്ഞ മാസം പാര്‍വതി സെന്‍സര്‍ ചെയ്ത സിനിമ എല്ലാവരും കണ്ടതാണെല്ലോ, അച്ഛനും അമ്മയും ചെയ്ത പാപങ്ങളുടെ ഫലമായാണ് മക്കള്‍ക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ അത് കട്ട് ചെയ്തില്ല. എന്റെയടുത്ത് തമ്പുരാനെ എന്നു വിളിച്ചത് കട്ട് ചെയ്യാന്‍ പറഞ്ഞു. തമ്പുരാനേ എന്ന് വിളിക്കാന്‍ പാടില്ലെന്ന് പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നതെന്നും ആരാണ് ഇതില്‍ ഇടപെടുന്നതെന്നും എല്ലാവര്‍ക്കും അറിയാം. ഈ സിനിമ ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കാര്യങ്ങള്‍ എനിക്ക് എതിരായിരുന്നു. മറ്റുള്ളവര്‍ സിനിമ ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ, അത് ഉണ്ടായില്ല. ജനങ്ങള്‍ എനിക്ക് പണം നല്‍കി, ഞാന്‍ സിനിമ ചെയ്തു. അതല്ലാതെ മറ്റൊന്നും ഇല്ല. അവര്‍ സിനിമയിലൂടെ എതിര്‍ക്കട്ടെ. എനിക്ക് നാളെ വേണമെങ്കില്‍ സിനിമ ഒടിടിയില്‍ വിടാം. ഒരു സെന്‍സര്‍ ബോര്‍ഡിനും അതിന് എതിര് നില്‍ക്കാന്‍ കഴിയില്ല.

ഐവി ശശിയുടെ 1921ന് അനുമതി നല്‍കാം. രാമസിംഹന്റെ 1921ന് അനുമതി നല്‍കരുതെന്ന് പറയുന്നത് എന്ത് നിയമമാണ്.ജനങ്ങള്‍ കണ്ടിട്ട് പറയട്ടെ, ഞാന്‍ ഒരു പക്ഷത്ത് നിന്നുവെന്ന്. കണ്ടിട്ടല്ലേ അത് തീരുമാനിക്കേണ്ടത്. ആരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഫക്രുദ്ദീനോട് ചോദിച്ചാല്‍ അറിയാം. അദ്ദേഹമാണ് നിരോധിക്കാന്‍ പറഞ്ഞത്. ഓണാവധിക്ക് ശേഷം ഹൈക്കോടതിയെ സമീപിക്കും. ഏത് അറ്റം വരെയും പോരാടും. ഇത് ചരിത്ര സിനിമയാണ്. സാങ്കല്‍പ്പിക കഥയല്ല. രേഖപ്പെടുത്തിയ ചരിത്രമാണ്. ആ ധൈര്യത്തിലാണ് ഞാന്‍ പോകുന്നത്.

എനിക്ക് ഒരു പ്രത്യേക അജണ്ടയൊന്നും ഇതില്‍ ഇല്ല. സിനിമ ചെയ്യാന്‍ പണം തരാന്‍ ബിജെപിക്കാരെ ആരെയും വിളിച്ചിട്ടുമില്ല. തന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വഴിയാണ് ഈ പടത്തിനുള്ളത് കളക്ട് ചെയ്തത്. ബിജെപിക്കാര്‍ ഇതിന് ശ്രമിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പറയൂ, ആരും ചെയ്തിട്ടില്ല. എന്റെ വ്യക്തിപരമായിട്ടുള്ളതാണ്.

Read more

സെന്‍സര്‍ വിഷയത്തില്‍, ഈ ഓഫീസര്‍ എങ്ങനെയാണ് ഇത്രയും കാലം ഇവിടെ നില്‍ക്കുന്നത്. രണ്ട് വര്‍ഷമാണ് സാധാരണ കാലയളവ്. ഡെപ്യുട്ടേഷനില്‍ വരുന്നതല്ലേ, ആരാണ് ഇവര്‍ക്ക് നീട്ടിക്കൊടുത്തത്. ഈ ഓഫീസര്‍ വന്നതിന് ശേഷം സിനിമയില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായി. അതില്‍ ഏകപക്ഷീയമായ പല തീരുമാനങ്ങളും ഉണ്ടായി. പല സിനിമയിലെയും സെന്‍സറിങിനെക്കുറിച്ച് ചര്‍ച്ചയായി. ‘ചുരുളി’ പോലുള്ള സിനിമ വന്നപ്പോഴും ചര്‍ച്ചയായി. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.