കഴിഞ്ഞ അഞ്ചാറ് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ സംശയമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. ‘മരണമാസ്’ സിനിമ സൗദിയില്‍ വിലക്കുകയും കുവൈത്തില്‍ സെന്‍സറിങ്ങിന് വിധേയമാവുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കവെയാണ് ടൊവിനോ ഇന്ത്യയുടെ പുരോഗതിയെ കുറിച്ചും പ്രതികരിച്ചത്.
കുവൈറ്റില്‍ സിനിമയിലെ ആദ്യ പകുതിയിലെയും രണ്ടാം പകുതിയിലെയും ചില രംഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി അഭിനയിച്ച ഭാഗങ്ങളാണ് നീക്കിയത്. ”കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യം ചെയ്യാം.”
”അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ്. തത്കാലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്” എന്നാണ് ടൊവിനോ പറഞ്ഞത്. ”സൗദിയെ പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റെതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്.”
”2019ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷം കൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്” എന്നാണ് ടൊവിനോ പറയുന്നത്.