'പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല'; കാരണം പറഞ്ഞ് ജാഫര്‍ ഇടുക്കി

പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. എന്നാല്‍ ടിവിയില്‍ പഴയ പടങ്ങള്‍ കാണാറുണ്ടെന്നും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം ‘ഹെവന്‍’കാണാന്‍ ശ്രമിക്കുമെന്നും ജാഫര്‍ പറഞ്ഞു.

‘പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല. ‘ഹെവന്‍’ കാണാന്‍ പരിശ്രമിക്കും. ഹെവന്റെ റിലീസിന് അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാന്‍ പറ്റില്ല. കാണാന്‍ശ്രമിക്കും. ഞങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ടിരുന്നത്. ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു.’

‘അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകള്‍ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണും’ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെവന്‍’. സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭമുള്ളതാണ്. പി എസ് സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപ്പള്ളിയാണ്.

ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബന്‍,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Read more

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ കൃഷ്ണന്‍,ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഈ മാസം 17 ന് തിയേറ്ററുകളിലെത്തും.