സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല, സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണ്: ജയറാം

ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കൊണ്ട് മകളുടെ വിവാഹത്തിന് വേണ്ടി സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണെന്ന് ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം സംസാരിച്ചത്. ഈ മാസം 17ന് ആണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.

”ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ഇതിന് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.”

”സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി” എന്നാണ് ജയറാമിന്റെ വാക്കുകള്‍.

അതേസമയം, ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി ചെയ്യാറുണ്ട്.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും.