ചേട്ടന്‍ തന്നെ സംവിധായകനാകണമെന്ന് പൃഥിരാജ് നിര്‍ബന്ധിച്ചു, ഞാന്‍ അനുസരിച്ചു: ഷാജോണ്‍

ഷാജോണ്‍-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന “ബ്രദേര്‍സ് ഡേ” നാളെ തീയേറ്ററുകളിലേക്കെത്തുകയാണ്. ഷാജോണ്‍ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ലാണ് താന്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയതെന്നും അഞ്ച് വര്‍ഷം കൊണ്ടാണ് സുഹൃത്തുക്കളെ വായിച്ച് കേള്‍പ്പിക്കാവുന്ന രീതിയില്‍ വികസിച്ചതെന്നുമാണ് ഷാജോണ്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

2016ലാണ് തിരക്കഥയുമായി പൃഥിരാജിനെ സമീപിക്കുന്നത്. കഥ വായിച്ചതിന് ശേഷം ചേട്ടന്‍ തന്നെ സംവിധായകനാകണമെന്ന് പൃഥിരാജ് നിര്‍ബന്ധിക്കുകയായിരുന്നു. ഞാന്‍ അനുസരിക്കുകയും ചെയ്തു. എന്നാണ് സംവിധായകനായതിനെ കുറിച്ച് ഷാജോണ്‍ വ്യക്തമാക്കുന്നത്.

Read more

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. ധര്‍മജന്‍, വിജയരാഘവന്‍, കോട്ടയം നസീര്‍, സ്ഫടികം ജോര്‍ജ്, കൊച്ചു പ്രേമന്‍, പൊന്നമ്മ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.