തിയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് ആട് 2. ഷാജിപ്പാപ്പനും പിള്ളേരും ജനഹൃദയങ്ങള്‍ കീഴടക്കി തകര്‍ക്കാടുമ്പോള്‍ ഗാനരചയിതാവ് മനു മഞ്ജിത്തിന് ചിലത് പറയാനുണ്ട്. പരാജയത്തിന്റെ കയ്പുനീര് കുടിച്ച ആടില്‍ നിന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ആട് 2 ലേക്കെത്തിയ നാള്‍വഴികള്‍ സിനിമ പാരഡൈസോയില്‍ വന്ന പോസ്റ്റില്‍ മനു കുറിക്കുന്നു.
ആടിന്റെ ഒന്നാം ഭാഗം തുടങ്ങുന്നത് ബാങ്കോക്കിലും രണ്ടാം ഭാഗം മംഗലാപുരത്തും ആണെങ്കിലും തന്റെ “ആടോര്‍മ്മകള്‍” തുടങ്ങുന്നത് ആദ്യ സിനിമ “ഓം ശാന്തി ഓശാന”യുടെ ഷൂട്ടിംഗ് ലൊക്കേഷനായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ചാണ്. ആദ്യം രസകരമായ ഒരു സംഭവത്തെ ഷോട്ട് ഫിലിമാക്കാന്‍ ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവലും താനും തീരുമാനിച്ചെങ്കിലും പിന്നീട് അത് സിനിമയായി മാറുകയായിരുന്നു. സിനിമയുടെ വിജയ സാധ്യതകളെ കുറിച്ച് തുടക്കത്തില്‍ താന്‍ ആശങ്കയിലായിരുന്നുവെങ്കിലും മിഥുന്‍ ഏറെ പ്രതീക്ഷയിലായിരുന്നുവെന്ന് മനു പറയുന്നു.
മനു മഞ്ജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
ആടിന്റെ ഒന്നാം ഭാഗം തുടങ്ങുന്നത് ബാങ്കോക്കിലും രണ്ടാം ഭാഗം മംഗലാപുരത്തും ആണെങ്കിലും എന്റെ “ആടോര്‍മ്മകള്‍” തുടങ്ങുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ചാണ്. എന്റെയും മിത്തുച്ചന്റെയുമെല്ലാം ആദ്യ സിനിമ “ഓം ശാന്തി ഓശാന”യുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. ഒരു സിനിമാ സെറ്റില്‍ പ്രത്യേകിച്ച് യാതൊരു ജോലിയുമില്ലാത്ത രണ്ടു പേര്‍… തിരക്കഥാകൃത്തും പാട്ടെഴുത്തുകാരനും തമ്മിലുള്ള ലോകവര്‍ത്തമാനങ്ങള്‍ക്കിടയില്‍ മിത്തുച്ചന്‍ ഒരു രസികന്‍ സംഗതി എടുത്തിട്ടു.”എടാ നമ്മുടെ റോബിന്റെ ടീമിന് ഒരു ട്രിപ്പിന്നിടയില്‍ ആട്ടിന്‍ കുട്ടിയെ കിട്ടിയ സംഭവം വച്ച് ഒരു ഷോര്‍ട്ട് ഫിലിം ചെയ്താലോ എന്നൊരു ആലോചന”. നമുക്ക് വേറെന്ത് നോക്കാന്‍… അങ്ങ് ചെയ്യ്യന്നെ… ഒരു ഷോര്‍ട്ട് ഫിലിം അല്ലേ… ഞാന്‍ അപ്പത്തന്നെ സപ്പോട്ട എടുത്ത് കൊടുത്തു.
ഓം ശാന്തി പുരോഗമിക്കുന്നതിന്റെ ഇടയില്‍ ഒരു ദിവസം മിത്തുച്ചന്റെ കോള്‍… “ചിലപ്പോള്‍ ആ കുഞ്ഞാട് ഒരു മുട്ടനാടായേക്കാം” എന്ന്. അപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. സപ്പോട്ട കൊടുത്തില്ല. ഏറിപ്പോയാല്‍ ഒരു അര മണിക്കൂറില്‍ രസകരമായി പറയാവുന്ന കഥ എന്നല്ലാതെ ഒരു മുഴുനീള സിനിമയ്ക്കു വേണ്ട ഒന്നും എനിക്ക് അതില്‍ തോന്നിയിരുന്നില്ല. പക്ഷേ അവിടന്ന് ആശാന്‍ അങ്ങ് നെയ്തു തുടങ്ങി.
ചിരിച്ചരടുകളില്‍ ആടുന്ന ചില നിറമുള്ള പാവകളെ മെനഞ്ഞെടുത്തു. അവര്‍ക്കൊക്കെ ഒറ്റക്കേള്‍വിയില്‍ തന്നെ കൗതുകമുണര്‍ത്തുന്ന പേരുകളിട്ടു. അയാളുടെ മനസിന്റെ ഹൈറേഞ്ചില്‍ അവരെയൊക്കെ അര്‍മാദിക്കാന്‍ അഴിച്ചു വിട്ടു. ഇങ്ങ് കോഴിക്കോടിരുന്ന് ഞാന്‍ എറണാകുളത്തുള്ള അങ്ങേരെ വിളിച്ച് ഓം ശാന്തിയുടെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ അത് പറഞ്ഞവസാനിപ്പിക്കുന്നതിന്റെ കൂടെ പിന്നെപ്പിന്നെ ആട് വളരുന്നുണ്ടെന്നും സൂചിപ്പിക്കാന്‍ തുടങ്ങി. നല്ല വെള്ളവും തീറ്റയും കൊടുക്കെന്ന് ഞാനും.
ഓം ശാന്തി റിലീസായി. തൊട്ടടുത്ത തിങ്കളാഴ്ച എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയില്‍ ആണെന്നു പറയാം ആടിലെ പാട്ടുകളുടെ പിറവി. ഷാനിക്കയുടെ കാറിലിരുന്ന് മിത്തുച്ചന്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും കഥ വിശദീകരിച്ചു തന്നു. ചിരിച്ചു വയറു വേദനിച്ചു പണ്ടാറടങ്ങിപ്പോയി… അത്രയും കണ്‍വിന്‍സിംഗ് ആണ് പഹയന്റെ നറേഷന്‍. ആ എനര്‍ജിയില്‍ കൃത്യം മൂന്നാം ദിവസം ഷാനിക്ക “കൊടി കയറണ പൂരമായി” ട്യൂണ്‍ അയക്കുന്നു. തരിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോ. പാട്ടുകള്‍ ഒരുങ്ങിയതും കൂടെ ചുരുക്കിപ്പറയാം.
ഷൂട്ട് തുടങ്ങുന്നതിനും എത്രയോ മുന്നേ വടംവലിപ്പാട്ട് സെറ്റായിരുന്നു. പിന്നെ എപ്പോളോ ഇങ്ങനെ സംസാരിക്കുന്നതിനിടയില്‍ തോന്നിയതാണ് ഓരോ കഥാപാത്രത്തിനും കുട്ടിക്കുട്ടി ഇന്റ്രോസ്… ഓരോരോ അഴിഞ്ഞാട്ടങ്ങള്‍ തന്നെ. ഓര്‍ക്കുമ്പോള്‍ ഇപ്പോളും രസകരമായി തോന്നുന്നതാണ് “ഹാജി മസ്താന്‍ സലാം വെക്കും” എന്നു തുടങ്ങുന്ന പാപ്പന്റെ ഇന്റ്രോ. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണു കാണാന്‍ പോകുന്ന വണ്ടിയിലിരുന്നാണ് ആ വരികള്‍ തോന്നിയത്. പറഞ്ഞു വരുന്നത് അത്രയും നിര്‍ണായകമായ… ബേജാറും വെപ്രാളവും മാത്രം നെഞ്ചില്‍ പിടക്കുന്ന നേരത്തും ഈ സിനിമയെക്കുറിച്ച് ചിന്തിച്ചെങ്കില്‍ അത് ഞങ്ങള്‍ ഓരോരുത്തര്‍ക്കും എത്രമേല്‍ പ്രിയപ്പെട്ടതാണെന്ന് ഊഹിക്കാമല്ലോ… അബുവിന്റെയും ശശി ആശാന്റെയും ഷമീറിന്റെയും സേവ്യറിന്റെയും ഒക്കെ പാട്ടുകള്‍ പിന്നീടുണ്ടായി. പിന്നെ ഷൂട്ടിംഗ് കാണാന്‍ പൂപ്പാറ ചെന്നപ്പോള്‍.. “ഇനിയെത്ര മണിക്കാ തിരിച്ചു ബസ് ?” എന്നു ചോദിച്ചപ്പോള്‍ “അതിനി നാളെ രാവിലെയേ ഉള്ളൂ… നേരം കളയണ്ട. നീ ആ ടൈറ്റില്‍ സോംഗ് എഴുതിക്കോ..” എന്നു പറഞ്ഞു വെള്ളപ്പേപ്പര്‍ കൈയ്യില്‍ തന്നു ആ സംവിധായകന്‍.ടിംഗ്. ട്രാപ്പ്ഡ്. പക്ഷേ “ചിങ്കാരിയാട്..” ഉണ്ടായി.
അങ്ങനെ ഷൂട്ടിംഗും ഡബ്ബിംഗും എഡിറ്റിംഗും എല്ലാം കഴിയുന്തോറും പ്രതീക്ഷകള്‍ക്ക് തിളക്കം കൂടിക്കൂടി വരുന്നു. കണ്ടവരെല്ലാം… അറിഞ്ഞവരെല്ലാം… “ഇത് ഒരു കലക്ക് കലക്കും” എന്ന് തന്നെ ഉറപ്പിക്കുന്നു.
അങ്ങനെ 2015 ഫെബ്രുവരി 6ന് (ഓം ശാന്തി ഓശാനയുടെ ഒന്നാം പിറന്നാളിന്റെ തലേ നാള്‍) റിലീസ്. തലേന്ന് നോര്‍ത്തില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ അപ്പോള്‍ പാട്ടെഴുതിക്കൊണ്ടിരുന്ന മറ്റൊരു പടത്തിന്റെ സംവിധായകന്‍ വിളിച്ചു. സംസാരിക്കവേ പുള്ളിയുടെ ഡയലോഗ് “ആട് റിലീസിന് മുന്നേ ഹിറ്റടിച്ച പടമല്ലേ. എന്തിനാ പേടിക്കുന്നേ ?” എന്ന്. ആത്മവിശ്വാസത്തിന്റെ ഹിമശൈലമുടിയില്‍ വെറുതെ… ഒരു കാര്യവുമില്ലാതെ ഒരു ഈഫല്‍ ടവറും കൂടി പണിതു വച്ചു.
ഇതാ ഞങ്ങള്‍ മല മറിക്കാന്‍ പോകുന്നു എന്ന ഹുങ്കോടെ… അവേശത്തോടെ… എറണാകുളം “പത്മ”യില്‍ ഞങ്ങള്‍ “മിഥുന്‍ മാനുവല്‍ തോമസ് ആന്റ് ക്ര്യൂ” പടത്തിനു കയറുന്നു. സിനിമ തുടങ്ങുന്നു. അര മണിക്കൂര്‍ കഴിയുന്നു. അവിടവിടെ ചില ചിരികള്‍ മാത്രം… പ്രതീക്ഷിച്ചതിന്റെ പകുതി പോലും സംഭവിക്കുന്നില്ല. “എന്തോ ഒരു പ്രശ്‌നമുണ്ടോ…?” ഒരു മണിക്കൂര്‍ കഴിയുന്നു. ഇന്റര്‍വെല്ലിനു പുറത്തേക്കിറങ്ങുമ്പോള്‍ തമ്മില്‍ തമ്മില്‍ എന്തു ചോദിക്കണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ. സെക്കന്റ് ഹാഫ് ആളുകള്‍ ചിരിക്കും എന്ന് ഉറപ്പിച്ച് വീണ്ടും കയറി.
ഇല്ല. ഇങ്ങനെയല്ല… ഈ പ്രതികരണമല്ല ഞങ്ങളാരും പ്രതീക്ഷിച്ചത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോളും പിന്നീട് ഷൂട്ട് ചെയ്തത് കുഞ്ഞുസ്‌ക്രീനില്‍ വീണ്ടും വീണ്ടും കണ്ടപ്പോളും ഞങ്ങള്‍ തലയറിഞ്ഞ് ചിരിച്ച പലതും ബ്ലാങ്കായി തന്നെ കടന്നു പോകുന്നു. പടം കഴിഞ്ഞിറങ്ങിയതും പ്രതികരണങ്ങളും ശോകം തന്നെ, തിരിച്ചു റൂമിലെത്തി.ചില സംശയങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പങ്കു വച്ചു. മറ്റു സെന്ററുകളിലെയും പ്രതികരണങ്ങളിലും വലിയ ആവേശത്തിനുള്ള വകുപ്പൊന്നും കാണുന്നില്ല. നമ്മുടെ പേഴ്സണല്‍ സൗഹൃദവലയങ്ങളിലെ സൂചനകളും നെടുവീര്‍പ്പുകളില്‍ ഒടുങ്ങി.
എന്തായിരിക്കാം സംഭവിച്ചത് ? ആര്‍ക്കും കൃത്യമായി “ഇന്നത്” എന്ന് സ്‌പോട്ട് ചെയ്യാന്‍ പറ്റുന്നില്ല. തോന്നിയ ചില പിഴവുകള്‍ തിരുത്തി റീ റിലീസ് ചെയ്തപ്പോളേക്കും അഭിപ്രായങ്ങള്‍ ഭേദപ്പെട്ടു തുടങ്ങിയെങ്കിലും അതൊന്നും തുടക്കത്തിലെ മോശം അഭിപ്രായം മായ്ച്ചു കളയാന്‍ പോന്നതായിരുന്നില്ല. ഒരു സിനിമയുടെ പേരില്‍ കേള്‍ക്കാവുന്ന അത്രയും ചീത്ത ഞങ്ങളും കേട്ടു കഴിഞ്ഞു.
“”സിനിമയാണ്… അത് ഇങ്ങനെയൊക്കെയാണ്”. “നമ്മുടെ പ്രതീക്ഷകള്‍ ഒക്കെയങ്ങ് സത്യമായാല്‍ പിന്നെ ജീവിതത്തില്‍ എന്താണൊരു രസം” എന്നൊക്കെയുള്ള ചപ്പടാച്ചി ഫിലോസഫിയില്‍ മുഖമൊളിപ്പിച്ച് സ്വയം ആശ്വസിച്ചും അടുത്ത പരിപാടിക്ക് വട്ടം പിടിക്കുന്നു. പിന്നീട് ആലോചിച്ച പലതും പാതി വഴിയില്‍ തങ്ങിയൊടുങ്ങുന്നതിനിടയില്‍ നമ്മുടെ ഡി വി ഡി ഇറങ്ങുന്നു. പിന്നീട് സംഭവിച്ചതൊന്നും ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ…
ഇതിനിടയില്‍ “ആന്‍ മരിയ” സംഭവിക്കുമ്പോളും “അലമാര”” സംഭവിക്കുമ്പോളും ഒക്കെ ആട് 2 എന്ന ആശയം ഇങ്ങനെ നീറിപ്പിടിക്കുന്നുണ്ടായിരുന്നു. പക്ഷെ… എന്ത് ? എങ്ങനെ ? ഉത്തരമുണ്ടായില്ല.
മിത്തുച്ചന്‍ പറയാറുള്ളത് ഇത്രേ ഉള്ളൂ… “ആട് നമ്മള്‍ തൊട്ടാല്‍ ഇനി അത് അടപടലം അടിച്ച് തീര്‍ക്കണം. ടോട്ടലി പൂട്ടിക്കെട്ടിക്കളയണം. വേറെയൊരു തീര്‍പ്പില്ല മനൂ അതിന്.” 916 സത്യമായിരുന്നു അത്.
രണ്ടാം ഭാഗത്തിന് ഞാന്‍ മിത്തുച്ചനും മുന്നേ കൈ കൊടുക്കേണ്ട രണ്ടു പേര്‍ തീര്‍ച്ചയായും… വിജയ് ബാബു ചേട്ടന്‍ ആന്റ് ജയേട്ടന്‍. അജ്ജാതി ചങ്കുറപ്പല്ലേ കാട്ട്യേത്. ചരിത്രത്തെ വെല്ലു വിളിക്കുക എന്നത് അത്രക്ക് നിസ്സാരമല്ലല്ലോ.
ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്നല്ലേ “ദാസവാക്യം”…
ആ സമയമെത്തി. പാപ്പനും പിള്ളേരും ഷമീറും സേവ്യറും വീണ്ടും പുതിയ കഥ പറഞ്ഞ് ആ എഴുത്തുകാരന്റെ മനസ്സിലെത്തി. അയാള്‍ എഴുതിത്തീര്‍ത്തു. പണ്ടെഴുതിയതിലും ആവേശത്തില്‍… അതിലും കട്ടി കൂടിയ മഷിയില്‍… പാപ്പനെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച് നെഞ്ചത്തെടുത്തു വക്കാന്‍ ഇപ്പോള്‍ കുറേയേറെ പേര്‍ ഉണ്ടെന്ന ബോധ്യം അയാള്‍ക്കുണ്ടായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് എന്ന ഷാജിപ്പാപ്പന്‍ മുണ്ടും മടക്കിക്കുത്തി മുന്നില്‍ നിന്നു. പിള്ളാരോട് വടമെടുക്കാന്‍ പറഞ്ഞു. എടുത്തു. ഞാനും പിടിച്ചു വീണ്ടുമൊരു ഭാഗം. ആഞ്ഞു വലിച്ചു. ചങ്കിന്റകത്ത് നിന്ന് കൊടി കയറണ പൂരം കേട്ടു. കേട്ടവരെല്ലാം ഒപ്പം നിന്നു വലിച്ചു. ജയിച്ചു. ജീവിതത്തിന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിലേക്ക് കരുതി വെക്കാന്‍ പോന്ന രീതിയില്‍ ജയിച്ചു. നിങ്ങള്‍ ജയിപ്പിച്ചു.
ആകെത്തുക ഇത്രയേ ഉള്ളൂ. നമ്മള്‍ എന്തിനെയെങ്കിലും സ്‌നേഹിക്കുന്നത് അത്രയും തീവ്രമായി ആണെങ്കില്‍ അതിന്റെ റിസള്‍ട്ട് അനുസരിച്ച് ആ ഇഷ്ടത്തെ അളക്കാതിരിക്കുക. മാറാതിരിക്കുക…
തെറ്റുകള്‍ പറ്റും..
അത് തിരുത്താന്‍ തന്നെ ശീലിക്കുക.
അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്.!
അപ്പോള്‍ ” ആടെടാ ആട്ടം നീ…
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ…
പാടെടാ പാട്ട്……”
( മേല്‍പറഞ്ഞത് എന്റെ മാത്രം അനുഭവമാണ്. ഷാനിക്കക്കും, വിഷ്ണു ഏട്ടനും, ലിജോയ്ക്കും, ഷിബു ഏട്ടനും, തുടങ്ങി ഇതിന്റെ അരങ്ങിലും അണിയറയിലും ഭാഗമായ ഓരോരുത്തര്‍ക്കും പറയാന്‍ ഇതിലും എത്രയോ ഇരട്ടി കാര്യങ്ങളുണ്ടാകും. ഉറപ്പാണ്.)
Read more
https://www.facebook.com/CinemaParadisoClub/photos/a.138784092916660.25195.138638062931263/1492241604237562/?type=3&theater