പത്മരാജന്‍ ചിത്രം ‘തൂവാനത്തുമ്പികളി’ലെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകന്‍ രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു. എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ‘നേര്’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ തൃശൂരുകാരനല്ലെന്നും സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളതെന്നും താരം പറഞ്ഞു.
”ഞാന്‍ തൃശൂരുകാരനല്ലല്ലോ. എനിക്ക് ആ സമയത്ത് പത്മരാജന്‍ എന്ന ആള്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എത്രയോ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അത്. തൃശൂരുകാരനല്ലാത്തത് കൊണ്ട് എനിക്ക് അറിയാവുന്ന രീതിയിലല്ലേ അത് പറയാന്‍ പറ്റുകയുള്ളു.”
”അന്ന് എനിക്ക് അത് കറക്റ്റ് ചെയ്ത് തരാന്‍ ആളില്ലായിരുന്നു. പത്മരാജന്‍, അദ്ദേഹം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അവിടെ ഒരുപാട് സൗഹൃദം ഉള്ള ആളാണ്. തൃശൂരുക്കാരായ ഒരുപാട് ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് നമ്മള്‍ സംസാരിക്കുന്നത്.”
Read more
”പിന്നെ തൃശൂരുകാരെല്ലാം അങ്ങനെ തൃശൂര്‍ ഭാഷ സംസാരിക്കാറില്ല. പലപ്പോഴും മോക്ക് ചെയ്തിട്ട് ആ സിനിമയില്‍ പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരു പക്ഷെ അന്ന് എന്നെ കറക്റ്റ് ചെയ്യാന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്” എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.