ലാലു അലക്സിന്റെ അപകടം വലിയ രീതിയില്‍ കൊടുത്തിരുന്നു, മരണത്തെ വെച്ച് ഇങ്ങനെ കൊടുക്കുന്നത് വളരെ മോശമാണ്: പേളി മാണി

തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയാമെന്ന് പേളി മാണി. ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല എന്നാണ് പേളി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല. കാരണം സ്ഥിരമായി വരുന്ന വാര്‍ത്തകളുടെ ഒക്കെ ഉള്ളടക്കം എന്താണെന്ന് തനിക്ക് തന്നെ അറിയാം. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ടെന്‍ഷന്‍ തോന്നുമെങ്കിലും പിന്നീട് ഇതാണ് അവരുടെ രീതിയെന്ന് മനസിലായി.

ഇപ്പോള്‍ എന്ത് വാര്‍ത്ത കണ്ടാലും ആ വിശ്വാസം പോയി. നടന്‍ ലാലു അലക്സിന്റെ അപകടമൊക്കെ വലിയ രീതിയില്‍ കൊടുത്തിരുന്നു. മുപ്പത് വര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ നടന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. മരണത്തെ വച്ചൊക്കെ കൊടുക്കുന്നത് വളരെ മോശമാണ്.

നമുക്ക് പരിചയമുള്ള ചിലരുടെ മരണ വാര്‍ത്ത കണ്ട് അതില്‍ കയറുമ്പോള്‍ അതിങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ കൊടുക്കുന്നത് കാണുമ്പോള്‍ ഇറിറ്റേഷനാണ് തോന്നുക. ഒരാളുടെ മരണം തമാശയല്ല. അത്തരത്തില്‍ കൊടുക്കുമ്പോഴാണ് വിഷമം തോന്നാറുള്ളതെന്ന് പേളി പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കൊരു അപകടം സംഭവിച്ചതിനെ കുറിച്ച് ലാലു അലക്സ് പറഞ്ഞിരുന്നു. നടന്‍ രതീഷിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ഒറ്റയ്ക്ക് കാര്‍ ഓടിച്ച് വരുന്നതിനിടെ കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിക്കുകയായിരുന്നു.

Read more

നല്ല സുഹൃത്തായിരുന്ന രതീഷിന്റെ വേര്‍പാടുണ്ടാക്കിയ വേദന കാരണമാണ് അന്നങ്ങനെ സംഭവിച്ചതെന്നും അവന്റെ നന്മ കൊണ്ടാവും ഒന്നും പറ്റാതെ പോയതെന്നുമാണ് ലാലു അലക്സ് പറഞ്ഞത്. ഇതിനെ കുറിച്ചാണ് പേളി പ്രതികരിച്ചത്.