തന്നെ മനസിലാക്കിയതില്‍ ആസിഫ് അലിയോട് നന്ദിയുണ്ടെന്ന് സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍. ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്ന വിവാദത്തിലാണ് രമേഷ് നാരായണ്‍. തനിക്ക് വിഷമമോ പരിഭവമോ ഇല്ല, പേര് തെറ്റി വിളിച്ചതിലുള്ള ടെന്‍ഷന്‍ കൊണ്ട് അദ്ദേഹം അങ്ങനെ റിയാക്ട് ചെയ്തതെന്ന് ആസിഫ് അലി പ്രസ് മീറ്റില്‍ പ്രതികരിച്ചിരുന്നു.
ആസിഫ് അലി തന്നെ മനസിലാക്കി അതില്‍ നന്ദിയുണ്ട് എന്നാണ് രമേഷ് നാരായണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ”ആസിഫ് ജിക്ക് ഞാന്‍ ഇന്നലെ മെസേജ് അയച്ചിരുന്നു, ഒന്ന് തിരിച്ചു വിളിക്കാന്‍ പറഞ്ഞിട്ട്. അദ്ദേഹം തിരിച്ചു വിളിച്ചു, രാവിലെ സംസാരിച്ചു. എന്റെ സിറ്റുവേഷന്‍ ഞാന്‍ പറഞ്ഞു. എന്റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ വളരെ നന്ദി.”
”ഉടനെ തന്നെ കാണണം, ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ ഇങ്ങോട്ട് വരാമെന്ന് ആസിഫ് പറഞ്ഞു. ഞാന്‍ പറഞ്ഞു വേണ്ട ഞാന്‍ അങ്ങോട്ട് വരും, നമുക്ക് ഒരുമിച്ച് ഇരിക്കണം, കാപ്പി കുടിക്കണം എന്ന് പറഞ്ഞു. അത് ആസിഫ് അലിയുടെ മഹത്വമാണ്. അത് സംഭവിച്ചു പോയതാണ് എന്ന് അദ്ദേഹം മനസിലാക്കി.”
”എന്റെ മനസ് മനസിലാക്കിയതിനാല്‍ ആസിഫ് അലിക്ക് നന്ദി. എനിക്കെതിരെ മാത്രമല്ല, എന്റെ മക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. അതൊന്ന് നിര്‍ത്തി തന്നാല്‍ അതൊരു വലിയ ഉപകാരമായിരിക്കും. ഞാന്‍ ആദ്യമായിട്ടാണ് സൈബര്‍ ആക്രമണം നേരിടുന്നത്. അത് ഒഴിവാക്കുന്നതാണ് നല്ലത്.”
”തീര്‍ച്ചയായിട്ടും സ്‌നേഹബന്ധമാണ് നിലനിര്‍ത്തേണ്ടത്. വിവാദമല്ല വേണ്ടത്. നമ്മള്‍ അന്യോനം ബഹുമാനിക്കണം. എനിക്ക് റെസ്‌പെക്ട് ഇല്ല എന്ന് പലരും പറയുന്നുണ്ട്. അത് അങ്ങനെയല്ല, അവര് പറയുന്നു, അങ്ങനെ പറയട്ടെ. ആസിഫ് ഭായ് എന്നെ മനസിലാക്കി അതില്‍ എനിക്ക് വലിയ സന്തോഷം” എന്നാണ് രമേഷ് നാരായണ്‍ പറയുന്നത്.