പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടന്‍ സലിം കുമാര്‍. പെണ്‍പിള്ളേരെല്ലാം നടന്നു പോകുന്നത് മൊബൈലില്‍ സംസാരിച്ചു കൊണ്ടാണെന്നും എന്താണ് ഇവര്‍ക്കിത്ര സംസാരിക്കാനുള്ളത് എന്നുമാണ് സലിം കുമാര്‍ കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന പരിപാടിക്കിടെ പറഞ്ഞത്. കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു.
”ഞാന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയില്‍ റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണില്‍ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങള്‍ ഇനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്ക് ഉണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണ്‍ അടിക്കുമ്പോ മാറുമോ, അതുമില്ല.”
”ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്” എന്നാണ് സലിം കുമാര്‍ പറഞ്ഞത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനെയും സലിം കുമാര്‍ വിമര്‍ശിച്ചു.
പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്ത്രീകള്‍ ചെയ്യുന്നത് എന്നാണ് സലിം കുമാര്‍ പറയുന്നത്. സലിം കുമാറിന്റെ വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.