നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ ശ്രമിക്കുന്നല്ലെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ ആരോപണം. ഈ വിഷയത്തില്‍ ടൊവിനോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മധുപാല്‍. നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
മധുപാലിന്റെ കുറിപ്പ്:
മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്.
ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും.
താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. .
സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്…..