ദര്‍ശന്റെ മകനെ കാണുമ്പോള്‍ വിഷമം തോന്നുന്നു, എല്ലാം വിധിയാണ്: ശിവ രാജ്കുമാര്‍

കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സൂപ്പര്‍താരം ശിവ രാജ്കുമാര്‍. ദര്‍ശന്റെ മകനെ കാണുമ്പോള്‍ വിഷമമുണ്ട് എന്നാണ് ശിവ രാജ്കുമാര്‍ പറയുന്നത്. രേണുകാസ്വാമിയുടേയും ദര്‍ശന്റേയും കുടുംബം ഇതിലൂടെ വേദനിക്കുകയാണ്. എല്ലാത്തിനേയും നേരിടണം എന്നും ശിവ രാജ്കുമാര്‍ പ്രതികരിച്ചു.

”വിധി എന്നൊരു കാര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നതിന് മുമ്പ് അവര്‍ ശരിയാണോ എന്ന് ആദ്യം ചിന്തിക്കണം. ഇത്തരമൊരു കാര്യം സംഭവിക്കുമ്പോള്‍ അത് വേദനിപ്പിക്കുന്നു. രേണുകാസ്വാമിയുടേയും ദര്‍ശന്റേയും കുടുംബം ഇതിലൂടെ വേദനിക്കുകയാണ്.”

”ദര്‍ശന്റെ മകനെ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. നമ്മള്‍ എല്ലാത്തിനേയും നേരിടണം. ഇതിന്റെ ഫലത്തിനായി കാത്തിരിക്കാം. സംഭവിക്കേണ്ടത് സംഭവിക്കും. ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം വിധിയാണ്” എന്നാണ് ശിവ രാജ്കുമാര്‍ പറയുന്നത്.

അതേസമയം, ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെട്ട രേണുകാസ്വാമി കൊലപാതകക്കേസ് സിനിമയാക്കാന്‍ നിരവധി പേര്‍ രംഗത്തു വന്നിരിക്കുന്നു എന്നാണ് സാന്‍ഡല്‍വുഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സമീപിച്ചവരെ കര്‍ണാടക ഫിലിം ചേംബര്‍ തിരിച്ചയച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ 9ന് ആണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലില്‍ കണ്ടെത്തിയത്. 11ന് ദര്‍ശനും പവിത്രയും ഉള്‍പ്പെടെ 13 പേരെ പൊലീസ് അറസ്റ്റുചെയ്തു. പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്. പവിത്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്റുകള്‍ അയച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

Read more