അമ്മയുടെ സംഗീതം കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാര്‍ വലിയ ഗായകരാകേണ്ട ആവശ്യമില്ല: നഞ്ചിയമ്മയെ പിന്തുണച്ച് ശ്വേതാ മേനോന്‍

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ് നടി ശ്വേതാ മേനോന്‍. ഒരു ഗാനം ആലപിക്കാന്‍ സംഗീതം പഠിക്കേണ്ട ആവശ്യമില്ല. ആത്മാവില്‍ തട്ടുന്ന ഗാനമാണ് നഞ്ചിയമ്മ പാടിയയതെന്ന് നടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് ശ്വേത പ്രതികരിച്ചത്.

അമ്മയുടെ സംഗീതം കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാര്‍ വലിയ ഗായകരാകേണ്ട ആവശ്യമില്ല. നഞ്ചിയമ്മയെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയായി തനിക്ക് തോന്നിയില്ല. അമ്മയ്ക്ക് പിന്തുണ നല്‍കേണ്ടത് തന്റെ കടമയായി തോന്നിയെന്നും ശ്വേത വ്യക്തമാക്കി.

ആത്മാവില്‍ തട്ടുന്ന ഗാനം പാടാന്‍ പാട്ട് പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ഒരു അമ്മ മൂളിപ്പാട്ട് പാടുമ്പോള്‍ ആ വികാരം ഒരു കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാര്‍ വലിയ പാട്ടുകാര്‍ ആകേണ്ട ആവശ്യമില്ല. കിഷോര്‍ ദാസ്, കമല്‍ ഹാസന്‍, ധനുഷ്, ആമിര്‍ ഖാന്‍ ഇവരാരും വലിയ ഗായകരല്ല. എന്നാല്‍ അവരുടെ ഗാനങ്ങള്‍ ഓളമുണ്ടാക്കാറുണ്ട്. അതാണ് നഞ്ചിയമ്മയുടെ പാട്ടില്‍ നിന്ന് ലഭിച്ചത്. ശ്വേത വ്യക്തമാക്കി.

ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുരസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാലിന്റെ വിമര്‍ശനം.