അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

വിഷാദത്തിലേക്ക് വഴുതി വീണ തന്നെ രക്ഷിച്ചത് സിനിമയാണെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘Small Screens to Big Dreams’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് നടന്റെ പ്രതികരണം. അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് പോയ തനിക്ക് ലഭിച്ച ചികിത്സ സദസില്‍ നിന്നുള്ള കരഘോഷമാണ്. ആരാധകര്‍ നല്‍കിയ പിന്തുണയാണ് ജീവിതത്തിലേക്ക് എത്തിച്ചത് എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

എന്റെ പിതാവിന്റെ മരണശേഷം ഞാന്‍ വിഷാദത്തിലേക്ക് വഴുതിവീണ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ജോലിയാണ് അതില്‍ നിന്ന് രക്ഷയേകിയത്. സദസില്‍ നിന്നുള്ള കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്ന് പുറത്തെത്തിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞതാണ് ജീവിതം.

എന്നാല്‍, നമ്മുടെ പാഷന്‍ ഈ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാന്‍ ചില സമയങ്ങളില്‍ തോന്നിയിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ സ്‌നേഹം എന്നെ മുന്നോട്ട് നയിച്ചു എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. ടെലിവിഷന്‍ ആങ്കറിംഗില്‍ നിന്നാണ് താന്‍ ആരംഭിച്ചതെന്നും സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു ഇതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും നടന്‍ വ്യക്തമാക്കി. അതേസമയം, ‘അമരന്‍’ ആണ് ശിവകാര്‍ത്തികേയന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയന്‍ വേഷമിട്ട ചിത്രം 300 കോടി കളക്ഷന്‍ മറികടന്ന് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.