തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു. ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.
ആഗോള വിപണിയിൽ യുഎസും ചൈനയും തമ്മിലുള്ള പ്രതിസന്ധികൾ രൂക്ഷമാവുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്ന് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ആർബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചത്. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.0% ശതമാനമായി കുറക്കാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ 7ന് ആരംഭിച്ച് മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഇത് ഈ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ ദ്വൈമാസ പണനയ പ്രഖ്യാപനം കൂടിയാണ്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2025ൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
Read more
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ഇത് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കുറഞ്ഞ പലിശ നിരക്കുകൾ സാധാരണയായി കുറഞ്ഞ ഇഎംഐകൾക്ക് കാരണമാകും. എന്നാൽ സ്ഥിര നിക്ഷേപം നടത്താനിരിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാവും. കാരണം ആർബിഐ റിപ്പോ നിരക്ക് കുറച്ചാൽ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്.