ഫ്‌ളൈറ്റ് ടിക്കറ്റ് പോലും എടുക്കണ്ട എന്ന് മോഹന്‍ലാല്‍ സര്‍ പറഞ്ഞു, 'കണ്ണപ്പ'യില്‍ അദ്ദേഹത്തിന്റെ പ്രതിഫലം ഇതാണ്: വിഷ്ണു മഞ്ചു

പാന്‍ ഇന്ത്യന്‍ ചിത്രമായ ‘കണ്ണപ്പ’യില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചു. കിരാത എന്ന കാമിയോ റോളിലാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാല്‍ ഈ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ല. എന്നാല്‍ തന്റെ പിതാവ് നടന്‍ മോഹന്‍ ബാബുവിനോടുള്ള സൗഹൃദവും സ്‌നേഹവും കൊണ്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് വിഷ്ണു പറയുന്നത്.

”ലാല്‍ സാറിന്റെ കോസ്റ്റ്യൂം ഞങ്ങള്‍ സ്‌കെച്ച് ചെയ്ത് അയച്ചു. അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോള്‍ എപ്പോഴാണ് ഞാന്‍ അവിടെ വരേണ്ടതെന്ന് ചോദിച്ചു.”

”എന്റെ ടിക്കറ്റ് ഞാന്‍ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാല്‍ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല. എന്റെ സഹോദരന്‍ പ്രഭാസിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്” എന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. അതേസമയം, മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രില്‍ 25ന് ആണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

മോഹന്‍ലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലാണ് ചിത്രം എത്തുന്നത്.

Read more