എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് എന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു, അയാളെ കൊല്ലാന്‍ തോന്നിയിരുന്നു: ഖുശ്ബു

കുട്ടിക്കാലത്ത് സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി ഖുശ്ബു തുറന്നു പറഞ്ഞിട്ടുണ്ട്. എട്ടു വയസ് മുതല്‍ 15 വയസ് വരെ അച്ഛന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് ഖുശ്ബു പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. 25000 രൂപയ്ക്ക് തന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാനും ശ്രമിച്ചിരുന്നു എന്നാണ് ഖുശ്ബു പറയുന്നത്.

”ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ് ആണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്.”

”അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16-ാം വയസില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാള്‍ എന്നെ വില്‍ക്കാന്‍ ശ്രമിച്ചു. സൗത്തിലെ നിര്‍മ്മാതാക്കളോട് എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിച്ചത്.”

”പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. ‘അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതു കൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാന്‍ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു.”

”എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാന്‍ സേഫ് ആയിരുന്നു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ വീടുനോക്കാന്‍ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു” എന്നാണ് ഖുശ്ബു പറയുന്നത്.

അതേസമയം, തന്റെ അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാള്‍ക്ക് വിധേയായത് എന്നും ഖുശ്ബു പറഞ്ഞിരുന്നു. മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ഖുശ്ബു, 1980കളില്‍ ബാലതാരമായാണ് കരിയര്‍ ആരംഭിച്ചത്.