ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ആര്‍ക്കൊക്കെ അവാര്‍ഡ് ലഭിക്കും എന്ന കാത്തിരിപ്പിലാണ് പലരും. മലയാളികളെ കടുത്ത ആശങ്കയിലാക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. അവസാന റൗണ്ടില്‍ മമ്മൂട്ടിയുടെ പോരാട്ടം കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയുമായാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായ ‘കാന്താര’യിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകള്‍ക്കാണ് മമ്മൂട്ടിയുടെ പേര് പരിഗണനയില്‍ എത്തിയത്.
മുന്‍കാലങ്ങളില്‍ പലപ്പോഴും വിവിധ സിനിമകളിലെ അസാധാരണ പ്രകടനം അവഗണിച്ച് മമ്മൂട്ടിയെ അംഗീകാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഈ സംഭവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമല്ല സ്വാധീനങ്ങള്‍ക്ക് പിന്നാലെ പോകാത്ത പല മികച്ച അഭിനേതാക്കള്‍ക്കും അവാര്‍ഡ് വഴിമാറിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങള്‍ക്കും അവാര്‍ഡ് കമ്മറ്റി അംഗങ്ങളില്‍ പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നവരുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പുരസ്‌കാരങ്ങള്‍ പല മികച്ച അഭിനേതാക്കള്‍ക്കും നഷ്ടമായിട്ടുണ്ട്.
മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടി ഇതുവരെ നേടിയിട്ടുള്ളത്. 1989ല്‍ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ പ്രകടനമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്തത്. 1993ല്‍ പൊന്തന്‍മാട, വിധേയന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കി. ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്ന ഇംഗ്ലീഷ് സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മൂന്നാമത് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1998ല്‍ ആണ് മമ്മൂട്ടിക്ക് അവസാനമായി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. അതിന് ശേഷം നിരവധി തവണ മമ്മൂട്ടിയുടെ പേര് നോമിനേഷനുകളില്‍ നിറഞ്ഞു നിന്നിട്ടുണ്ടെങ്കിലും പ്രഖ്യാപന സമയത്ത് നിരാശ ആയിരുന്നു ഫലം. ഒടുവില്‍ പേരന്‍പില്‍ പോലും ആരാധകര്‍ ഉറപ്പിച്ചിരുന്ന ദേശീയ അവാര്‍ഡ് ‘പുഷ്പ’യിലൂടെ അല്ലു അര്‍ജുന്‍ നേടി എടുക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡിനുള്ള സാധ്യത കൂടുതലാണ്. തീര്‍ത്തും വേറിട്ട ഭാവങ്ങളിലെ വേഷമാണ് മമ്മൂട്ടി റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളില്‍ അവതരിപ്പിച്ചത്. ഉള്ളില്‍ എരിയുന്ന പകയുമായി മരിച്ചു പോയ വ്യക്തിയുമായി നിഴല്‍ യുദ്ധം ചെയ്യുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ റോഷാക്ക് താരത്തിന്റെ പരീക്ഷണ ചിത്രങ്ങളില്‍ ഒന്നാണ്. മനുഷ്യ മനസിലെ ടോക്സിക് ഛായകള്‍ അതിന്റെ പൂര്‍ണതയില്‍ തെളിച്ചു കാണിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്. ഒരു ക്ലീഷേ പ്രതികാര കഥയെ പുതുമയുള്ള ട്രീറ്റ്‌മെന്റ് കൊണ്ടും വ്യത്യസ്തമായ മേക്കിങ് രീതി കൊണ്ടും എഴുത്തുകാരന്‍ സമീര്‍ അബ്ദുലും സംവിധായകന്‍ നിസാം ബഷീറും മറികടന്നപ്പോള്‍ തന്റെ സൂക്ഷ്മാഭിനയം കൊണ്ട് അതിന് വേറൊരു മാനം നല്‍കിയാണ് മമ്മൂട്ടി റോഷാക്കിനെ ഹിറ്റ് ആക്കി മാറ്റിയത്.
നന്‍പകല്‍ നേരത്ത് മയക്കം ദേശീയ അവാര്‍ഡില്‍ പരിഗണിക്കുമ്പോള്‍ അത് ഇരട്ടി മധുരമാണ്. ഇതേ സിനിമയ്ക്കും കഥാപാത്രത്തിനും 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി ഭാവപ്പകര്‍ച്ച നടത്തിയ സിനിമയാണിത്. വേളങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്ന മലയാളിയായ ജെയിംസ്, തമിഴ്നാടിന്റെ ഒരു കോണില്‍ എത്തിയപ്പോള്‍ ആ ഗ്രാമത്തിലേക്ക് കയറിപ്പോവുകയും, അവിടെ നിന്നും കാണാതെ പോയ സുന്ദരം എന്ന കുടുംബനാഥനായി മാറുന്നതും, തിരിച്ചു ജെയിംസിലേക്ക് മടങ്ങുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ അഭിനയപ്രകടനമായിരുന്നു മമ്മൂട്ടിയുടേത്.
എന്നാല്‍ കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അത്ര നിസാരമായി എഴുതി തളളാന്‍ കഴിയില്ല. ആധുനികതയുടെ പരീക്ഷണങ്ങളില്‍ നിന്നും, പാരമ്പര്യത്തിലേക്കുള്ള കന്നഡ സിനിമയുടെ മടക്കമായിരുന്നു കാന്താര. പഞ്ചുരുളി എന്ന കുലദൈവത്തെ ആരാധിക്കുന്ന ഗ്രാമവാസികളുടെ കഥയാണ് സിനിമ പറഞ്ഞത്. ഋഷഭ് ഷെട്ടി തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. ‘കെജിഎഫ്’ എന്ന സിനിമയ്ക്ക് ശേഷം കന്നഡയില്‍ നിന്നും എത്തിയ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കാന്താര.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നിരവധി കഥകള്‍ പറഞ്ഞൊഴിഞ്ഞ രംഗബോധത്തിലേക്ക് അങ്ങനെ ജീവിക്കുന്ന ഒരു ജനതയുടെ, വിശ്വാസത്തിന്റെ അകമ്പടിയോടെ മറ്റൊരു ഏടിലൂടെ പ്രേക്ഷകരുമായി സംവദിക്കാനുള്ള ഒരു ശ്രമമായാണ് കാന്താര എത്തിയത്. ഋഷഭ് ഷെട്ടി തന്റെ മികച്ചതൊന്ന് ഇനി ചെയ്യാന്‍ ബാക്കി കാണുമോ എന്ന് സംശയം തോന്നിക്കും വിധം പൂണ്ട് വിളയാടിയ കഥാപാത്രമാണ് കാന്താരയിലേത്. അതേസമയം, ദേശീയ പുരസ്‌കാര വിധി നിര്‍ണ്ണയങ്ങളില്‍ മാറിമറിയലുകള്‍ പതിവായതുകൊണ്ട് ഒടുവില്‍ ഇനി എന്ത് സംഭവിക്കുമെന്നത് പ്രവചിക്കാന്‍ കഴിയില്ല.