ആട് 3 വന്നാല്‍ എങ്ങനെയുണ്ടാകും, ഏതാണ്ട് ഇതുപോലുണ്ടാകും

ആട് ഒരു ഭീകരജീവി എന്ന സിനിമയ്ക്ക് ബിഗ് സ്‌ക്രീനിലെ സ്വീകരണം അത്ര സുഖരമല്ലായികരുന്നു. എന്നാല്‍ സിനിമ മിനി സ്‌ക്രീനില്‍ വന്നപ്പോള്‍ ഹിറ്റായി അതുവരെ തണുത്തു കിടന്ന പ്രേക്ഷകമനസുകള്‍ക്ക് തീപിടിച്ചു. ആ തീ ആട് രണ്ടാം ഭാഗത്തിന്റെ വിജയത്തില്‍ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആരാധകര്‍ ചോഗിക്കുന്നത് ആടിന്റെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്നാണ്. എന്നാല്‍ അതിനുള്ള പദ്ധതി ഇല്ലെന്നാണ് ജയസൂര്യയും വിജയ് ബാബുവുമൊക്കെ പറയുന്നത്.

എന്നിരുന്നാലും സിനിമയുടെ മൂന്നാം ഭാഗം വന്നാല്‍ അത് എങ്ങനെയായിരിക്കും? അത്തരത്തിലുള്ള ഒരു മികച്ച കഥയുമായി രംഗത്തു വന്നിരിക്കുകയാണ് മഹേഷ് ഗോപാല്‍. ആട് ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിന്റെ കഥാകൃത്ത് കൂടിയാണ് മഹേഷ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഹേഷ് കഥ പങ്കുവെച്ചത്.
വായിക്കാം….

നമ്മള് കണ്ടതു മാത്രമല്ല.. ലേശം കൂടിയുണ്ട് പാപ്പന്റെ രണ്ടാം വരവില്‍…ചിന്തയില്‍ തോന്നിയ ചില കുസൃതികളാണ്.. മിഥുന്‍ ഭായീ… പൊറുക്കണേ….

ആട് 2.5

ഇന്റര്‍നാഷണല്‍ നോട്ടടി സംഘത്തെയും ലോക്കല്‍ റൗഡികളേയുമൊക്കെ പിടിച്ച് നാട്ടില്‍ തിരികെയെത്തിയ പാപ്പനേയും കൂട്ടരേയും കാത്തിരുന്നത് നാട്ടുകാരുടെ വക വമ്പന്‍ സ്വീകരണമാണ്. നാടിളകി മറിഞ്ഞ സ്വീകരണത്തിനും ആവേശത്തിനുമൊക്കെ ശേഷം വീട്ടില്‍ തിരിച്ചെത്തിയ പാപ്പനെ സ്വീകരിച്ചത് ശക്തമായൊരു ആട്ടോടു കൂടി അമ്മച്ചിയാണ്. കൈയ്യിലുള്ള പണ്ടം പണയം വെച്ചും, കടം വാങ്ങിയുമൊക്കെ ഹോസ്പിറ്റലില്‍ നിന്നു തിരികെ എത്തിയിരിക്കയാണ് അമ്മച്ചി. സ്വീകരണവും പേരും മാത്രമേ ഉള്ളുവെന്നും കൈയ്യില്‍ അഞ്ചിന്റ പൈസ ഇല്ലാത്ത നിന്നെയൊക്കെ എന്തിനു കൊള്ളാമെടാ എന്നും ആധാരം കൊണ്ടു വന്നിട്ടു മതി വീട്ടിനുള്ളിലെ വാസം എന്നും അമ്മച്ചി പറയുന്നതോടെ പാപ്പന്‍ പ്രതിസന്ധിയിലാകുന്നു . ഡോളറൊക്കെ കാണിച്ചു നോക്കിയെങ്കിലും പിന്നേം പറ്റിക്കാന്‍ നോക്കുന്നോടാ എന്നും പറഞ്ഞ് ഒര് ആട്ടും കൂടി ആട്ടുന്നുണ്ട് അമ്മച്ചി. വല്ല വിധേനയും തപ്പിത്തടഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന പലിശക്കാരന്‍ അബ്ദുള്ളയെ തേടി പാപ്പനും പിള്ളേരും കൂടി ഒറ്റ പോക്കാണ്.

അതിനിടയില്‍ ഇവന്മാര് ഇന്റര്‍നാഷണല്‍ സി ഐ ഡികളാണെന്നും… അതല്ല യെവന്മാരെ, നാട്ടിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ ചാരന്മാരാണെന്നുമൊക്കെയുള്ള കരക്കമ്പികള്‍ അബ്ദുള്ളയുടെ ചെവിയിലും എത്തിയിരുന്നു. അങ്ങനെ ഇയാള് ഭയന്നിരിക്കുന്ന നിമിഷത്തിലാണ് പാപ്പന്റെയും പിള്ളേരുടെയും വരവ്. മര്യാദയ്ക്ക് ആധാരം താടോ.. കാശൊക്കെ ഞങ്ങള് സൗകര്യമുള്ളപ്പൊ തരും, ഇല്ലെങ്കില്‍ താന്‍ അകത്തു പോയി കിടക്കും എന്ന രണ്ടും കല്‍പ്പിച്ചുള്ള വിരട്ടിനു മുന്നില്‍ അബ്ദുള്ള ഒന്നും മിണ്ടാതെ ആധാരമെടുത്ത് തിരികെയേല്‍പ്പിക്കുന്നു. കാശൊന്നും തന്നില്ലേലും കുഴപ്പമില്ലെന്നും, ഇനി എപ്പൊഴേലും കാശിനാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കരുതെന്നും, നിങ്ങളൊക്കെ ഞമ്മടെ സ്വന്തം ആളുകളാണെന്നു കൂടി അബ്ദുള്ള ഓര്‍മ്മിപ്പിക്കുന്നതോടെ പാപ്പനും പിള്ളേരും ശരിക്കും ഞെട്ടുന്നു.

ഇതെന്തു മറിമായം എന്ന് പാപ്പനും പിള്ളേരും ഒന്ന് അമ്പരക്കുന്നുണ്ടെങ്കിലും ഗൗരവം വിടാതെ ആധാരവും വാങ്ങി തിരികെ പോകുന്നു. നിമിഷ നേരം കൊണ്ട് ആധാരം തിരിച്ചെടുക്കുന്നതോടെ യെവന്‍ ഇനി ശരിക്കും സി ഐ ഡിയാണോ എന്ന സംശയം അമ്മച്ചിയിലും ഉടലെടുക്കുന്നു. പാപ്പനല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കില്ലെന്ന് അയല്‍വക്കത്തെ പെങ്കൊച്ച് സ്റ്റെല്ല ഉറക്കെ പ്രഖ്യാപിക്കുന്നതു കേട്ട് പാപ്പന്‍ മാത്രമല്ല അബുവും ക്ലീറ്റസും എല്ലാം ഞെട്ടുന്നു. വെറുതേയെങ്കിലും പാപ്പനൊരു പ്രണയഗാനത്തിലെ നായകനാകുന്നത് ക്ലീറ്റസ് ഒന്നു സങ്കല്‍പ്പിച്ചു നോക്കുന്നു. ഗാനത്തിനൊടുവില്‍ വീട്ടുമുറ്റത്ത് പ്രസിഡന്റ് ഉതുപ്പ് വന്നു നില്‍ക്കുന്നു.

ഈ വിവരം ഇത്ര പെട്ടെന്ന് അയാളും നാട്ടുകാരും അറിഞ്ഞോ എന്ന് എല്ലാവരും ശങ്കിച്ചു നില്‍ക്കേ ഉതുപ്പ് വന്ന കാര്യം പറയുന്നു: മാറിയ സാഹചര്യത്തില്‍ ക്ലബ്ബ് വീണ്ടെടുക്കാന്‍ ഒരു ആറു മാസം കൂടി അനുവദിച്ച കാര്യം പറയാന്‍ വന്നതായിരുന്നു ഉതുപ്പ്. സ്റ്റെല്ലയ്ക്കു മുന്നില്‍ ഒന്നു ഷൈന്‍ ചെയ്യാം എന്നു കൂടി ഉതുപ്പ് കരുതുന്നുവെങ്കിലും അതു ചീറ്റിയ കാര്യം ഉതുപ്പറിയുന്നില്ല. പതിവു പോലെ തന്നെ തന്റെ വീരവാദ കഥകള്‍ കൊണ്ട് സഹപോലീസുകാരെ ഷമീര്‍ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് സ്റ്റേഷനില്‍ പാപ്പന്‍ ഒപ്പിടാന്‍ ചെല്ലുന്നത്. സകല പോലീസുകാര്‍ക്കും ഇപ്പോള്‍ പാപ്പനോട് വന്‍ മതിപ്പാണ്. എനിക്കിവിടെ മാത്രമല്ലെടാ.. അങ്ങ് ഡെല്‍ഹീലുമുണ്ടെടാ പിടി എന്ന തരത്തിലുള്ള പാപ്പന്റെ വീരവാദം അവരെല്ലാം ഏകദേശം വിശ്വസിച്ച മട്ടാണ്. ഷമീറിന് ലേശം അസൂയയും ഉണ്ട്. എങ്കിലും, നാളെ മുതല് നീ ഒപ്പിടണ്ട.. അതെന്റെയൊരു സൗജന്യമായി എടുത്തോ എന്ന് പറയുന്നുണ്ട് ഷമീര്‍. ഈ സ്‌കീം കൊള്ളാല്ലോ എന്ന സന്തോഷത്തില്‍ പുറത്തിറങ്ങുന്ന പാപ്പന്‍ പിള്ളേരോടൊക്കെ കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ തീരുമാനിക്കുന്നു.

കവലയിലെ ചായക്കടയില്‍ ചെന്നു ചായ കുടിക്കുന്ന പാപ്പന്റെയും പിള്ളേരുടെയും കൈയ്യില്‍ നിന്ന് പൈസയൊന്നും വാങ്ങുന്നില്ല ചായക്കടക്കാരന്‍. എന്നാല്‍ പിന്നെ രണ്ട് പൊറോട്ടയും ബീഫ് കറിയും കൂടി എല്ലാര്‍ക്കും പോരട്ടേ എന്ന് ക്യാപ്റ്റന്‍ ക്ലീറ്റസ് ഓര്‍ഡര്‍ ചെയ്തതു കേട്ട് ചായക്കടക്കാരന്‍ ഞെട്ടുന്നു. ഇതേ സമയം, തമിഴ്‌നാട്ടില്‍ മറ്റൊരു ചായക്കടയില്‍ പൊറോട്ടയടി വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു ഡൂഡ്. ഇത്തവണത്തേക്ക് മാപ്പാക്കണം എന്നൊക്കെ പറഞ്ഞ് കരഞ്ഞ് കാലു പിടിച്ച് വീണ്ടും ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഡൂഡ്. ഡെയ്‌ലി അടിക്കേണ്ട പൊറോട്ടയുടെ എണ്ണം കൂട്ടിയും, കസ്റ്റമേഴ്‌സിന്റെ എണ്ണം കൂട്ടണം എന്നൊക്കെയുള്ള കണ്ടീഷന്‍സ് വച്ചും ഒക്കെയാണ് ഡൂഡിനെ ജോലിയില്‍ തിരിച്ചെടുത്തിരിക്കുന്നത്. എങ്കിലും, യെവന്‍ പുലിയാണെന്നറിയാവുന്നതു കൊണ്ട് “എന്റര്‍ട്ടെയിന്‍മെന്റ്” ഒന്നും മുതലാളി ഇപ്പോള്‍ നടത്താറുമില്ല. തന്നെയുമല്ല, പൊറോട്ടയടിയുടെ ശബ്ദം കേട്ട് അത് വെടിയൊച്ചയാണോ എന്നു സംശയിച്ച് അയാള് ഞെട്ടിയുണരാറുമുണ്ട്. കൈയ്യില്‍ കിട്ടിയ ഡോളര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പാപ്പനും പിള്ളേരും. ഇതു ചിലവാക്കാന്‍ ഒന്ന് അമേരിക്ക വരെ പോയി വന്നാലോ എന്നു പോലും ആലോചിക്കുന്നുണ്ട് അബു. അങ്ങനെ ചിലവാക്കിയിട്ട് എന്തു കാര്യം? അതു കൊണ്ട് നാട്ടിലെ പ്രശ്‌നങ്ങളൊന്നും തീരുന്നില്ലല്ലോ എന്ന് വ്യാകുലപ്പെടുകയാണ് പാപ്പന്‍. തല്‍ക്കാലം ഡോളര്‍ വീട്ടിലെ തട്ടും പുറത്തു വയ്ക്കാം എന്ന ഐകകണ്‌ഠേനയുള്ള തീരുമാനത്തിലെത്തുന്നു പാപ്പനും ടീമും.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ slow motion ല്‍ നടന്ന് വെട്ടത്തു വന്ന് നിലവിളിച്ചു കരയുകയാണ് സാത്താന്‍ സേവ്യര്‍. ഡോളറ് പോയതോടെ തന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്ന് പരിതപിക്കുകയാണ് സാത്താന്‍. സംഭവം കടത്തിയിരിക്കുന്നത് തലയില്‍ തൊപ്പി വച്ച… മുസല്‍മാനായ ഒരു ബംഗാളിയും, കൂട്ടാളിയുമാണെന്ന് കഞ്ചാവ് സോമന്‍ പറയുന്നതോടെ നാട്ടിലുള്ള സകല തൊപ്പി വച്ച ബംഗാളികളേയും പൊക്കാന്‍ സാത്താന്‍ തീരുമാനിക്കുന്നു. ഇതേ സമയം ആറു മാസത്തിനുള്ളില്‍ എങ്ങനെ ക്ലബ്ബ് തിരിച്ചു പിടിക്കാം എന്ന കൂലങ്കഷമായ ചര്‍ച്ചയിലാണ് പാപ്പനും പിള്ളേരും. പലരും പല ഐഡിയാസും പറഞ്ഞെങ്കിലും നമുക്ക് തന്നെ ഒരു വടംവലി മത്സരം നടത്തിയാലെന്താ എന്ന ചിന്തയില്‍ എത്തി നില്‍ക്കുന്നു ഒടുവില്‍ പാപ്പനും പിള്ളേരും. അതിനൊക്കെ കാശെവിടേ എന്ന ചോദ്യത്തിന് വിജയികള്‍ക്ക് ഡോളര്‍ സമ്മാനമായി നല്‍കാം എന്നും അവര്‍ തീരുമാനിക്കുന്നു. ഇതിന്റെ സന്തോഷത്തിന് രണ്ടെണ്ണം പിടിപ്പിച്ചിട്ട് പിരിഞ്ഞു പോയ വഴിയില്‍, ക്യാപ്റ്റന്‍ ക്ലീറ്റസ് ആ രാത്രിയില്‍ അടുത്തുള്ള പൊട്ടക്കിണറ്റില്‍ വീഴുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒന്നു ശങ്കിച്ചെങ്കിലും ക്ലീറ്റസ് അബുവിനെ ഫോണ്‍ ചെയ്തു വരുത്തുന്നു.

കിണറ്റില്‍ നിന്നും ക്ലീറ്റസ് പൊങ്ങി വരുന്നത് ഒരു കെട്ട് രണ്ടായിരത്തിന്റെ നോട്ടുമായാണ്. ഇതു കണ്ട അബു അപ്പൊ തന്നെ കിണറ്റിലേക്കെടുത്തു ചാടുന്നു. അബുവിനും കിട്ടുന്നു മറ്റൊരു കെട്ട്. അവര് പോയി പാപ്പനെ വിളിച്ചു വരുത്തുന്നു. വിശദമായ തപ്പലിനു ശേഷം കിട്ടിയ നോട്ടെല്ലാം കൂടി അവര് ക്ലബ്ബില്‍ കൊണ്ടു വച്ച് രഹസ്യമായി എണ്ണിത്തുടങ്ങുന്നു. പലവട്ടം എണ്ണിത്തെറ്റിച്ച ശേഷം അവര് കൃത്യമായൊരു സംഖ്യയില്‍ എത്തിച്ചേരുന്നു:

എല്ലാം കൂടി 6 കോടി രൂപ. ഈ സംഖ്യ കേട്ട് ക്ലീറ്റസിന്റെ ബോധം പോകുന്നു. ഈ കാശൊക്കെ വച്ച് എന്തൊക്കെ ചെയ്യാം എന്ന് പാപ്പനും പിള്ളേരും മനക്കോട്ട കെട്ടുന്നു.അതിനിടയില്‍ മറ്റൊരു കണ്ടുപിടുത്തം കൂടി അബു നടത്തുന്നു: നോട്ടുകള്‍ക്കെല്ലാം ഒരേ നമ്പര്‍. ഇത് കള്ളനോട്ടാണെന്നറിയുന്നതോടെ ഇത്തവണ ബോധം പോകുന്നത് പാപ്പന്റെതാണ്. ഇതിനിടയില്‍ നിന്ന് അടിച്ചു മാറ്റിയ നോട്ടും കൊണ്ട് ക്ലീറ്റസും അബുവും കൂടി ഒരു കടയില്‍ കയറി പുട്ടടിക്കുന്നു. രണ്ടായിരത്തിന് ബാക്കി ഇല്ലാത്തതു കൊണ്ട് കടയില്‍ പറ്റും തുടങ്ങുന്നു. വണ്ടിക്ക് പെട്രോളടിച്ചു കഴിഞ്ഞ് പാപ്പനു വേണ്ടി ക്ലീറ്റസ് കാശ് കൊടുക്കുന്നു. ഇതു കണ്ട് പാപ്പന്‍ ഞെട്ടുന്നു. വണ്ടി ആദ്യമായി ഫുള്‍ ടാങ്ക് കാണുന്നു. ഇതിനിടയില്‍ വണ്ടിക്ക് പൊള്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്നും പറഞ്ഞ് ഫൈനടിച്ച ഷമീറിനും കൊടുക്കുന്നു ക്ലീറ്റസാെരു രണ്ടായിരം. ഈ കാശെല്ലാം കൊണ്ട് വൈകിട്ടൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഫുഡ്ഡടിക്കാന്‍ കയറുന്ന ഷമീറിനെ കള്ളനോട്ട് കൊടുത്തതിന് പൊക്കുന്നു. പോലീസാണെന്നും പറഞ്ഞ് ഷമീറ് അവിടുന്ന് തടിയൂരുന്നു. ആര് കൊടുത്ത നോട്ടാണ് ഇതെന്നറിയാത്ത ഷമീറ് പാപ്പനെ ഫോണ്‍ ചെയ്യുന്നു. എത്രയും വേഗം നേരിട്ടു കാണണം എന്ന് അറിയിക്കുന്നു.

പാപ്പന്‍ വിറയ്ക്കുന്നു. പേടിച്ചു വിറച്ച് ഷമീറിന്റടുത്ത് എത്തുന്ന പാപ്പനോടും പിള്ളേരോടും, നാട് മൊത്തം കള്ളനോട്ടാണെന്നും ഇതിനു പിന്നില്‍ മറ്റേതോ ഇന്റര്‍നാഷണല്‍ റാക്കറ്റാണെന്നും.. കള്ളനോട്ട് കണ്ടെത്തുന്നതില്‍ വൈധഗ്ദ്ധ്യമുള്ള പാപ്പന്‍ സഹായിക്കണമെന്നും ഷമീര്‍ അഭ്യര്‍ത്ഥിക്കുന്നു. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കാം എന്ന ഉറപ്പ് പാപ്പനും സംഘവും നല്‍കുന്നു. വടംവലി മത്സരം നടത്താന്‍ വലിയൊരു സംഖ്യ വായ്പ ചോദിക്കുന്ന പാപ്പനേയും സംഘത്തേയും പലിശക്കാരന്‍ അബ്ദുള്ള അപമാനിച്ചിറക്കി വിടുന്നു. ഇവന്മാര് ഒരു പുല്ലുമല്ല എന്ന് അബ്ദുള്ള ഇതോടെ തിരിച്ചറിഞ്ഞിരുന്നു. ഡോളറെവിടേ എന്നറിയാന്‍ ബംഗാളികളെ ഓടിച്ചിട്ടു പീഡിപ്പിക്കുന്ന സാത്താന്‍ സേവ്യര്‍ ആ വാര്‍ത്തയറിയുന്നു: വിന്നേര്‍സ് പോത്തുമുക്ക് നടത്തുന്ന ഒന്നര ലക്ഷം ഡോളറിന്റെ വടംവലി മത്സരം. ഇതോടെ കാശെവിടേ എന്നു മനസ്സിലാകുന്ന സാത്താന്‍ പാപ്പനോട് നേരിട്ട് ഏറ്റുമുട്ടാന്‍ തീരുമാനിക്കുന്നു. അത് വേണ്ട മുതലാളീ… അവന്മാര് ഇന്റര്‍നാഷണല്‍ അധോലോകമാണന്ന് മുന്നറിയിപ്പു നല്‍കുന്ന കഞ്ചാവ് സോമന്‍, തന്ത്രപരമായി വേണം കാര്യങ്ങള്‍ ഡീല്‍ ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ വടംവലി മത്സരത്തിന് ടീമിറക്കാന്‍ സാത്താന്‍ സേവ്യര്‍ തീരുമാനിക്കുന്നു.

ഇതോടെ വേഷം മാറി ടീമില്‍ കയറിപ്പറ്റാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഡൂഡും പുറപ്പെടുന്നു. കഴിഞ്ഞ തവണത്തെ പോലെ ബോംബ് വേണ്ടാ എന്നു തീരുമാനിക്കുന്ന ഡൂഡ് ഇത്തവണ മുതലാളിയെ പലിശ സഹിതം അടിച്ചു പഞ്ചറാക്കുന്നു. സാത്താന്റെ ടീമിലേക്ക് ഡൂഡെത്തുന്നു. ഈ എല്ലും തോലും പോലിരിക്കുന്നവനെയൊക്കെയാണോ വടം വലിക്ക് വിളിച്ചോണ്ടു വരുന്നതെന്ന സാത്താന്റെ ചോദ്യത്തിനുള്ള മറുപടി സാത്താനെ പൊക്കിയെടുത്ത് വലിച്ചൊരേറായിരുന്നു. തക്കം പാര്‍ത്തിരുന്ന ചെകുത്താന്‍ ലാസറിന്റെ അനുയായികളും മറ്റൊരു ടീമായി കടന്നു വരുന്നുണ്ട്.ഇതിനിടേ, ആടിനു പുല്ലു പറിക്കാന്‍ പോയ റേച്ചലിന് പറമ്പില്‍ കിടന്നൊരു പെട്ടി ലഭിക്കുന്നു. അവളതെടുത്ത് പാപ്പനെ ഏല്‍പ്പിക്കുന്നു. വിശദമായ പരിശോധനയ്ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കും ശേഷം തങ്ങളുടെ പക്കലുള്ള വ്യാജ രണ്ടായിരത്തിന്റെ ഒറിജിനല്‍ അച്ചാണ് അതെന്നും അവര് കണ്ടെത്തുന്നു. ഡോളറിന്റെ കൂടെ അവര്‍ അതും എടുത്ത് തട്ടും പുറത്ത് ഇടുന്നു. വടംവലി മത്സരത്തിനു വന്‍ വരവേല്‍പാണ് ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ഇനത്തില്‍ കാശ് വന്നു കുമിഞ്ഞു കൂടി. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഇന്ത്യന്‍ റുപ്പിയിലാണ് സമ്മാനം.

വാശിയേറിയ മത്സരത്തിനൊടുവില്‍ ചെകുത്താനും സാത്താനുമൊക്കെ ജയിച്ചു കയറി വരുമെങ്കിലും അന്തിമ വിജയം വിന്നേര്‍സിനു തന്നെയാണ്. മത്സരത്തെ തുടര്‍ന്നുള്ള കൂട്ടയടിയില്‍ സാത്താന്‍ സേവ്യര്‍ Where is my dollers എന്ന് അലറുന്നു. പല വിധത്തില്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഡോളര്‍ ലഭിക്കുന്നില്ല. സാത്താന്റെ മുന്നില്‍ ഡ്യൂഡ് identity വെളിപ്പെടുത്തുന്നു. ഒന്നിച്ചു നിന്നാല്‍ സകലതും സ്വന്തമാക്കാം എന്ന് അറിയിക്കുന്നു. ഈ തക്കത്തില്‍ കഞ്ചാവ് സോമന്‍ വഴി അബ്ദുള്ളയും അവരോടൊപ്പം ചേരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി നാടിനെ ഞെട്ടിച്ചു കൊണ്ട് വന്‍ സന്നാഹങ്ങളുമായി പാപ്പന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു. തട്ടുംപുറം അടക്കം സകല ഇടവും അരിച്ചുപെറുക്കിയിട്ടും അവിടുന്നൊന്നും യാതൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. തിരയുന്നതു ഡോളറും കള്ളനോട്ടുമാണെന്നറിയുന്നതോടെ അതെവിടെയാണെന്നറിയാം എന്ന് പാപ്പന്‍ പ്രഖ്യാപിക്കുന്നു. സര്‍വ്വ സന്നാഹങ്ങളും പാപ്പന്‍ തെളിക്കുന്ന വഴിയേ പോകുന്നു.ഒരു പിടിയും കിട്ടാതെ അബുവും ക്ലീറ്റസും മൂങ്ങയും, ലോലനും എല്ലാം ഒപ്പം കൂടുന്നു.അവര്‍ നേരേ അബ്ദുള്ളയുടെ വീട്ടിലെത്തുന്നു.

അവിടെ സാത്താനും, ഡൂഡും എല്ലാം ഉണ്ട്. പോലീസിനെയും മറ്റും കണ്ട് ഡൂഡ് വെടി പൊട്ടിക്കുന്നുവെങ്കിലും ധൈര്യസമേതം ഷമീര്‍ അവനെ പൊക്കിയെടുത്ത് വണ്ടീലിടുന്നു. ഡോളറ് ഞമ്മന്റെയല്ല സാറേ അത് സാത്താന്റെയാ എന്ന് അബ്ദുള്ള പറഞ്ഞപ്പോള്‍, അപ്പൊഴീ അച്ചും കള്ള നോട്ടും നിന്റതു തന്നെ അല്ലേടാ എന്നും പറഞ്ഞ് ഷമീര്‍ അയാളെയും പൊക്കുന്നു. അബ്ദുള്ളയുടെ അളവറ്റ സ്വത്തും സാത്താന്റെ കൈയ്യിലെ കണക്കറ്റ പഴയ നോട്ടുകളും ഷമീറിന് ബോണസായി കിട്ടുന്നു. ഡോളറിന്റെ പത്തു ശതമാനം ഇത്തവണയെങ്കിലും തരണേ എന്ന് പാപ്പന്‍ അഭ്യര്‍ത്ഥിക്കുന്നു. അത് നിനക്കുള്ളതു തന്നെ എന്ന് ഷമീര്‍ ഉറപ്പും നല്‍കുന്നു. വടംവലിയില്‍ കുമിഞ്ഞു കൂടിയ കാശും കിട്ടാന്‍ പോകുന്ന ഡോളറിന്റെ പത്തു ശതമാനവും ഒക്കെ കൂട്ടിക്കിഴിച്ച് ഭ്രാന്ത് പിടിച്ചിരിക്കുവാണ് പാപ്പനും ടീമും. അപ്പൊഴാണ് അബുവിന്റെ ആ സംശയം: എന്നാലും ഇതെല്ലാം എങ്ങനെ അബ്ദുള്ളയുടെ വീട്ടിലെത്തി? അപ്പോള്‍, ജോര്‍ജ് കുട്ടിയെ പോലെ ഗൂഡമായാന്നു ചിരിച്ചിട്ട് പാപ്പന്‍ തുടര്‍ന്നു: ആ രഹസ്യം എന്നോടു കൂടി തന്നെ മണ്ണടിയട്ടേ.അപ്പോള്‍ ക്ലീറ്റസിനു മറ്റൊരു സംശയം: എന്നാലുമാ കാശ് പൊട്ടക്കിണറ്റിലും അച്ച് പറമ്പിലും ആരായിരിക്കും കൊണ്ടിട്ടത്?

ഇതേ സമയം കേരളത്തിലെ മറ്റൊരു ഭാഗത്ത്: കാറില്‍ സഞ്ചരിക്കുന്ന രണ്ടു പേര്‍.അതിലൊരാള്‍ ഫോണില്‍: “ഇല്ല ബോസ്.. ഞങ്ങളെല്ലാം വിധഗ്ദമായി ഒളിപ്പിച്ട്ടുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത ഒരിടത്തു തന്നെയാണ് വച്ചിരിക്കുന്നത്.ഇന്നു രാത്രി തന്നെ ഞങ്ങളതു പൊക്കിയിരിക്കും. രാത്രി. മറ്റാരും കാണാതെ പൊട്ടക്കിണറ്റില്‍ ചാടുന്ന രണ്ടു പേര്‍ :മുകളില്‍ നില്‍ക്കുന്ന അക്ഷമനായ ആള്‍. “എന്താടാ… where is the money?” കിണറ്റില്‍ നിന്നുമുളള ശബ്ദം: “ബോസ്.. ഇവിടൊന്നും കാണുന്നില്ല ബോസ്…”കാണുന്നില്ലേ… ഉള്ളതെല്ലാം ആ ചട്ടിയിലോട്ടു വാരിയിടെടാ..ശേഷം ഒരു ചട്ടി കിണറ്റില്‍ നിന്നും ഉയര്‍ന്നു വരുന്നു. അതില്‍ രണ്ടു കൊട്ടത്തേങ്ങയും കീറിപ്പറിഞ്ഞ ഒരു അണ്ടര്‍വെയറും. ഇതു കണ്ട് അന്തംവിട്ടു നില്‍ക്കുന്ന മൂന്നാമന്‍. അപ്പൊഴും, യഥാര്‍ത്ഥ ബോസ് തിരശ്ശീലയ്ക്കു പിന്നില്‍ തന്നെ…അണിയറയില്‍ മുഴങ്ങുന്ന ലാല്‍ സലാം എന്ന സംഗീതം…

https://www.facebook.com/photo.php?fbid=10211244459164159&set=a.3881114983229.2154876.1139457243&type=3&theater