ഞായറാഴ്ചയാണ് ആ വിവാഹം; തരിണി മരുമകള്‍ അല്ല മകളെന്ന് ജയറാം, പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍

തരിണി തങ്ങള്‍ക്ക് മരുമകള്‍ അല്ല, മകള്‍ ആണെന്ന് ജയറാം. മകന്‍ കാളിദാസിന്റെയും തരിണി കലൈഞ്ജരയറുടെയും ചെന്നൈയില്‍ സംഘടിപ്പിച്ച പ്രീ വെഡ്ഡിങ് ചടങ്ങിനിടെയാണ് ജയറാം സംസാരിച്ചത്. ഞായറാഴ്ച ഗുരുവായൂരില്‍ വച്ച് കാളിദാസ് തരിണിക്ക് താലി ചാര്‍ത്തും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

”എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂര്‍ണമാകുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതില്‍ ദൈവത്തിന്റെ പുണ്യമാണ്.”

”ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകള്‍ തന്നെയാണ്” എന്നാണ് പ്രീ വെഡ്ഡിങ് ചടങ്ങില്‍ ജയറാം പറഞ്ഞത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നാണ് കാളിദാസ് പറഞ്ഞത്. ”എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാന്‍ മാനേജ് ചെയ്യാറുണ്ട്.”

”പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം” എന്നാണ് കാളിദാസിന്റെ വാക്കുകള്‍.

Read more