യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ ഇനത്തില്‍ നല്‍കിയ കനത്ത പ്രഹരത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന. ട്രംപ് മൂന്ന് തവണയായി ചൈനയ്ക്ക് മേല്‍ 104 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പകരചുങ്കമായി ചൈന അമേരിക്കയ്ക്ക് 84 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്.
ലോക രാജ്യങ്ങള്‍ ഇതോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. 20 ശതമാനം നികുതിയാണ് ചൈനയ്ക്ക് മേല്‍ യുഎസ് ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഉയര്‍ത്തിയതിന്റെ ഭാഗമായാണ് യുഎസ് ചൈനയ്ക്ക് മേല്‍ 34 ശതമാനം നികുതി അധികമായി ചുമത്തിയത്.
ഇതിന് പിന്നാലെ ട്രംപിന്റെ നടപടിയ്ക്ക് തിരിച്ചടിയുമായി ചൈനയും രംഗത്തെത്തി. ട്രംപിന്റെ നടപടിയ്ക്ക് മറുപടിയായി ചൈന യുഎസിന് അതേനിരക്കില്‍ മറുചുങ്കം പ്രഖ്യാപിക്കുകയായിരുന്നു. 34 ശതമാനം നികുതിയാണ് ചൈന യുഎസിന് മേല്‍ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് യുഎസ് ചൈനയ്ക്ക് നികുതി പ്രഖ്യാപനം പിന്‍വലിക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു.
കൂടാതെ നികുതി പിന്‍വലിക്കാത്ത പക്ഷം 50 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിന്റെ ഭീഷണിയ്ക്ക് മുന്നില്‍ ചൈന മുട്ടുമടക്കാന്‍ തയ്യാറാകാത്തതോടെയാണ് യുഎസ് ചൈനയ്ക്ക് മേല്‍ 104 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതോടെ ആഗോള സാമ്പത്തിക ശക്തികളായ ഇരു രാജ്യങ്ങളും വ്യാപാര യുദ്ധത്തിലേക്ക് പോകുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ പകരച്ചുങ്കം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി യുഎസ് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ കൈമാറ്റം നടത്തിയാല്‍ വലിയ നികുതി ഇളവും യുഎസ് ചൈനയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ടിക് ടോക് വില്‍ക്കുന്നതിന് ചൈന തയ്യാറായില്ല. ഇതുകൂടാതെ കനത്ത നികുതി ഏര്‍പ്പെടുത്തിയതോടെ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയും ചൈന യുഎസിന് നിഷേധിച്ചു. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് ചൈന യുഎസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില കുത്തനെ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്ത ദിവസം മുതലാണ് ചൈനയിലേക്ക് പ്രവേശിക്കുന്ന യുഎസ് ഉത്പന്നങ്ങളുടെ തീരുവ 34% ല്‍ നിന്ന് 84% ആയി ഉയരുമെന്ന് സ്റ്റേറ്റ് കൗണ്‍സിലിന്റെ താരിഫ് കമ്മീഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം യുഎസ് ഏര്‍പ്പെടുത്തിയ 104 ശതമാനം നികുതി ഇന്ന് മുതല്‍ പ്രാബല്യത്തിലുണ്ട്.
Read more
അര്‍ദ്ധരാത്രിയില്‍ 104% താരിഫ് ഏര്‍പ്പെടുത്തിയതിന് മറുപടിയായി, ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളോട് യുഎസ് ഡോളര്‍ വാങ്ങുന്നത് വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ചൈനയുടെ 1 ട്രില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം വില്‍ക്കാന്‍ തുടങ്ങിയാല്‍ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് വിലയിരുത്തല്‍.