ക്ലൈമാക്‌സ് ഫൈറ്റിന് മാത്രം കോടികള്‍, പൂര്‍ത്തിയാക്കിയത് ഏഴ് ദിവസം കൊണ്ട്; സുരേഷ് ഗോപി ചിത്രത്തിന്റെ അപ്‌ഡേറ്റ്

തന്റെ 255-ാം ചിത്രത്തില്‍ ഗംഭീര ഫൈറ്റ് സീനുകളുമായി സുരേഷ് ഗോപി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’യിലെ ഫൈറ്റ് സീനിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ ഫൈറ്റ് സീനിനായി കോടികളാണ് ചിലവാക്കിയിരിക്കുന്നത്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. ജെഎസ്‌കെയിലെ ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവിലിലില്‍ ആണ് ചിത്രീകരിച്ചത്. ഒന്നര കോടി രൂപ മുതല്‍ മുടക്കില്‍ ഏഴ് ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്.

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജാശേഖര്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. അഡ്വ. ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ‘ചിന്തമാണി കൊലക്കേസ്’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ വക്കീല്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ നിര്‍മ്മിക്കുന്ന ജെഎസ്‌കെയുടെ ഛായാഗ്രഹണം രണദിവെ ആണ് നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സജിത്ത് കൃഷ്ണ, എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണന്‍, ആര്‍ട്ട് ജയന്‍ ക്രയോണ്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍.