അലി അക്ബര്‍ അല്ല, ഇനി രാമസിംഹന്‍; മതം മാറി സംവിധായകന്‍

സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാകേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് ആണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം അറിയിച്ചത്.

പൂണൂലിട്ട് വെള്ള തുണിയും കാവിഷാളും ധരിച്ച് അലി അക്ബര്‍ ഹോമകുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന്റെ ഒപ്പമുണ്ട്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്‍ മതം മാറുന്നതിനെ കുറിച്ച് അറിയിച്ചത്.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്ന്  അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു. മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സംവിധായകന്‍ ലൈവിലെത്തിയത്.

Read more

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയില്‍ സംവിധായകന്റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന്‍ എന്ന പേരാകും നല്‍കുകയെന്നും നിര്‍മ്മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.