പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍… ‘ഉച്ചയ്ക്ക് കത്തിക്കുന്നത് കാണാന്‍ വെയ്റ്റ് ചെയ്ത് ഇരുന്നിട്ട് പാതിരാത്രി വന്ന് തീ ഇട്ടിട്ട് പോയി’.. പറഞ്ഞതിലും വളരെ നേരത്തെയാണ് ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ എത്തിയത്. അര്‍ദ്ധരാത്രി 12.30 ഓടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. റിലീസ് ആയി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ 3 മില്യണിലധികം വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയ്‌ലര്‍.
ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ് അപ്പിയറന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഓരോ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ലൂസിഫറിലെ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ മുഖങ്ങളും ട്രെയ്‌ലറില്‍ ഇടം പിടിച്ചിട്ടുണ്ട്. ലൂസിഫറില്‍ അധികം പരാമര്‍ശിക്കാതെ പോയ സയീദ് മസൂദിന്റെ ജീവിതം എമ്പുരാനില്‍ കുറേക്കൂടി വ്യക്തമായി കാണാം.
സ്റ്റീഫന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ജതിന്‍ രാം ദാസും പ്രിയദര്‍ശിനി രാം ദാസും മനസിലാക്കുമോ എന്നുള്ള സംശയങ്ങള്‍ കൂടി ജനിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. എങ്കിലും ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രമണിഞ്ഞ വില്ലന്റെ വ്യക്തമായൊരു മുഖം ട്രെയ്‌ലറില്‍ കാണിച്ചിട്ടില്ല. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ആണ് സിനിമയുടെതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള താരങ്ങളെയും ട്രെയ്‌ലറില്‍ കാണാം. ‘ലൂസിഫര്‍’ സിനിമയിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളും എമ്പുരാനില്‍ ഉണ്ടാകും എന്ന സൂചനയാണ് ഇത് നല്‍കിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയ്‌ലര്‍ എത്തുമെന്ന് ആയിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രെയ്‌ലര്‍ അര്‍ധരാത്രി എത്തിയത് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ ഒരു മിഡ്‌നൈറ്റ് സര്‍പ്രൈസ് അല്ല. ട്രെയ്‌ലര്‍ ലീക്ക് ആയതോടെ ഗത്യന്തരമില്ലാതെ പാതിരാത്രി തന്നെ പുറത്തുവിടുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ ആഗോള റിലീസ് ആയി തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന സിനിമയാണ് എമ്പുരാന്‍. ആശിര്‍വാദ് സിനിമാസ്, ലൈക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എമ്പുരാന്‍ കര്‍ണാടകയില്‍ വിതരണത്തിന് എത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണം ചെയ്യുന്നത് അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്രയിലും തെലങ്കാനയിലും നിര്‍മ്മാതാവ് ദില്‍ രാജുവും എസ്വിസി റിലീസും ചേര്‍ന്നാണ് വിതരണം. ഫാര്‍സ് ഫിലിംസ്, സൈബപ് സിസ്റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ് ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ പ്രൈം വീഡിയോയും ആശിര്‍വാദ് ഹോളിവുഡും ചേര്‍ന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആര്‍എഫ്ടി എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി ആണ് തിരക്കഥ നിര്‍വഹിക്കുന്നത്. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് സിനിമയിലുള്ളത്. പൂര്‍ണമായും അനാമോര്‍ഫിക് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത സിനിമയുടെ മൂന്നാം ഭാഗവും ഇതേ ഫോര്‍മാറ്റില്‍ തന്നെയാവും ഒരുക്കുക എന്ന് സംവിധായകന്‍ പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.