വീണ്ടും കുരുക്ക്; കള്ളപ്പണ ഇടപാടിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം

ചിദംബരം സംവിധാനം ചെയ്ത് ബ്ലോക്ക്ബസ്റ്ററായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഇ. ഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കളപ്പണ ഇടപാടിലാണ് ഇപ്പോൾ അന്വേഷണം. നിർമ്മാതാക്കളെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്.

നേരത്തെ നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ , ബാബു ഷാഹിർ എന്നിവർക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ സിറാജ് എന്ന വ്യക്തി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോൾ പുതിയ അന്വേഷണം.

ചിത്രം നിര്‍മ്മിക്കാനായി അരൂർ സ്വദേശിയായ സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്‌തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നാണ് സിറാജിന്റെ പരാതിയിൽ പറയുന്നത്.

പണത്തിന്റെ ഉറവിടം ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ചിത്രം ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ നേടിക്കഴിഞ്ഞു. ഒ.ടി.ടി സ്ട്രീമിംഗ് അവകാശം വിറ്റത് മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ട്. എങ്കിലും തനിക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല എന്നാണ് സിറാജ് നൽകിയ ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more