അദ്ദേഹത്തിന്റെ പങ്കാളി നല്‍കിയ ഉറപ്പിന് യാതൊരു പുരോഗതിയും ഉണ്ടായില്ല; രഞ്ജി പണിക്കരുടെ വിലക്ക്, വിശദീകരണവുമായി ഫിയോക്

രഞ്ജി പണിക്കരെ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ വിലക്കിയതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നിലപാട് വെളിപ്പെടുത്തി അസോസിയേഷന്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്‍കുന്നതില്‍ അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹം.

എന്നാല്‍ തങ്ങള്‍ സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് ഇടൈംസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ‘അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച് 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന് ഞങ്ങള്‍ ഉറച്ച നിലപാട് എടുത്തിരുന്നു.

അഞ്ച് വര്‍ഷമായി, ‘അമ്മ’ ഉള്‍പ്പെടെയുള്ള അസോസിയേഷനുകളെ ഞങ്ങള്‍ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമ ഉടന്‍ ഉണ്ടാകുമെന്നും അതുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ പങ്കാളി മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ അതിന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.’

Read more

കളക്ഷന്‍ വളരെക്കുറഞ്ഞത് കാരണം സംസ്ഥാനത്തെ പല തിയേറ്ററുകളിലെയും ചില സ്‌ക്രീനുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതുപോലുള്ള സമയത്ത്, ഇത്തരം കുടിശ്ശികകള്‍ അടച്ചു തീര്‍ക്കുന്നത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.