കരിയറിലെ മോശം ഘട്ടത്തിന് ശേഷം മമ്മൂട്ടി തിരിച്ചു വന്ന ചിത്രമാണ് ‘ന്യൂഡല്‍ഹി’. ചിത്രം ഡല്‍ഹിയില്‍ ചിത്രീകരിച്ചതിനെ കുറിച്ച് സിനിമയുടെ നിര്‍മാതാക്കളിലൊരാളായിരുന്ന ജൂബിലി ജോയ് എന്ന ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഡല്‍ഹിയിലെ ലൊക്കേഷന്‍ കണ്ടെങ്കിലും ആളുകള്‍ സിനിമയ്ക്ക് കേറിയാലോ എന്ന് വിചാരിച്ചാണ് സിനിമ എടുത്തത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. മമ്മൂട്ടിയുടെ സിനിമാ പോസ്റ്ററുകളില്‍ ചിലര്‍ ചാണകം മെഴുകുന്ന അവസ്ഥ വരെ അന്ന് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം കാരണം നമുക്ക് കാശ് കിട്ടിയിട്ടുണ്ട്.
അപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമഘട്ടം വരുമ്പോള്‍ ഇട്ടെറിഞ്ഞു പോകുന്നത് ശരിയല്ലെന്ന് തോന്നി. ഇതൊന്നും മമ്മൂട്ടിക്ക് അറിയില്ല. കഥ വേണമെങ്കില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ കൊച്ചിയിലോ ഒക്കെ വെച്ച് എടുക്കാം. പക്ഷേ അത് നമ്മള്‍ ഡല്‍ഹി പൊളിറ്റിക്സ് ആക്കി മാറ്റി. ചിത്രീകരണം ഡല്‍ഹിയില്‍ തീരുമാനിച്ചു.
അന്നത്തെ കാലത്ത് ഡല്‍ഹിയില്‍ അധികം സിനിമകള്‍ ചിത്രീകരിച്ചിട്ടില്ല. അന്നത്തെ മമ്മൂട്ടിയുടെ മാര്‍ക്കറ്റ് വെച്ച്, ഈ ലൊക്കേഷന്‍ കണ്ടെങ്കിലും ആള്‍ക്കാര്‍ സിനിമയ്ക്ക് കയറട്ടെ എന്നുള്ള വിശ്വാസത്തിലാണ് നമ്മള്‍ ഡല്‍ഹിയില്‍ പോകുന്നത്. അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് വധഭീഷണിയുണ്ട്.
ഷൂട്ടിംഗിനുള്ള തോക്ക് പോലും ഫ്ളൈറ്റില്‍ കയറ്റില്ലായിരുന്നു. ഞങ്ങള്‍ ജനുവരിയിലാണ് അവിടെ ചെല്ലുന്നത്. ഡല്‍ഹിയില്‍ ചെന്ന് ആദ്യത്തെ 10 ദിവസം റോഡുകളിലൊന്നും ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ കേരള ഹൗസിനകത്ത് വച്ച് ഷൂട്ടിംഗ് തുടങ്ങി. പൊലീസുകാര്‍ മമ്മൂട്ടിയെ തല്ലുന്ന സീനൊക്കെ അങ്ങനെ എടുത്തതാണ്.
പിന്നീട് ചിലരുടെ റെക്കമെന്‍ഡേഷനില്‍ പെര്‍മിഷനൊക്കെ എടുത്ത് ഷൂട്ടിന്റെ നല്ലൊരു ഭാഗവും പൂര്‍ത്തിയാക്കി. തീഹാര്‍ ജയിലിലെ ഷൂട്ടിന് മാത്രം അനുമതി കിട്ടിയില്ല. അത് വേറൊരു രീതിയില്‍ ചിത്രീകരിച്ചു. പൂജപ്പുരയില്‍ വെച്ചാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചത്.
Read more
വളരെ നന്നായി ആ സീനുകള്‍ എല്ലാം എടുക്കാന്‍ പറ്റി. എന്നാല്‍ ചിത്രം സെന്‍സറിന് കൊടുത്തപ്പോള്‍ ക്രൂരത കൂടുന്നു എന്ന് പറഞ്ഞ് ചില പ്രശ്നങ്ങള്‍ വന്നു. ഒരു ഫൈറ്റ് പോലും ആ ചിത്രത്തിലില്ല. പക്ഷേ പത്ത് ഫൈറ്റ് കണ്ട പ്രതീതി ആള്‍ക്കാരില്‍ വരുത്താന്‍ ജോഷിക്കായി. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ആ സിനിമ വിജയിച്ചു എന്നാണ് ജോയ് പറയുന്നത്.