'സുപ്രീം ലീഡര്‍ യാസ്‌കിന്‍' ആരാണെന്ന് അറിയാന്‍ പോകുന്നതേയുള്ളു, ഇത് തുടക്കം മാത്രം; 'കല്‍ക്കി 2'വിനെ കുറിച്ച് കമല്‍ ഹാസന്‍

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടിയിലേക്ക് കുതിക്കുകയാണ് നാഗ് അശ്വിന്‍-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’. ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച യാസ്‌കിന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കല്‍ക്കിയിലെ തന്റെ റോള്‍ ഒരു തുടക്കം മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് കമല്‍ ഹാസന്‍.

”കല്‍ക്കിയില്‍ കുറച്ച് മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ വേഷമാണ് ഞാന്‍ ചെയ്തത്, സിനിമയിലെ എന്റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ, രണ്ടാം ഭാഗത്തില്‍ എനിക്ക് കൂടുതല്‍ ചെയ്യാനുണ്ട്. അതിനാല്‍, ഒരു ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ ഈ സിനിമ കണ്ടു ശരിക്കും അത്ഭുതപ്പെട്ടു.”

”ഇന്ത്യന്‍ സിനിമ ആഗോള രംഗത്തേക്ക് നീങ്ങുന്നതിന്റെ പല സൂചനകളും കാണുന്നുണ്ട്, കല്‍ക്കി 2898 എഡി അതിലൊന്നാണ്. നാഗ് അശ്വിന്‍ മതപരമായ പക്ഷപാതമില്ലാതെ മിത്തോളജി വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ലോകമെമ്പാടും ജപ്പാന്‍, ചൈന, ഗ്രീക്ക് നാടുകളിലെ പുരാണങ്ങളാണ് ഇന്ത്യന്‍ പൈതൃകവുമായി അടുപ്പം കാണിക്കുന്നുള്ളൂ.”

”അതില്‍ നിന്ന് കഥകള്‍ തിരഞ്ഞെടുത്ത് എല്ലാം ഒരുമിച്ച് കൊണ്ടുവന്ന് വളരെ ക്ഷമയോടെയാണ് അശ്വിന്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത്” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. അതേസമയം കല്‍ക്കി ആദ്യദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 180 കോടി രൂപയാണ് നേടിയത്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.

സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.