അവിടെ നീ ഞങ്ങള്‍ക്ക് വേണ്ടി സുലൈമാനെ കൊല്ലണമെന്ന് ഇന്ദ്രന്‍സ് ; ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫഹദിന്റെ 'സുലൈമാന്‍' മാലിക് ട്രെയിലര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലര്‍ എത്തി  അന്‍പത്തിയഞ്ചുകാരനായ സുലൈമാന്‍ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറില്‍. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകര്‍ച്ചകളും വീഡിയോയില്‍ കാണാം. മൊത്തത്തില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ട്രെയിലര്‍.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തില്‍ പെടുന്നു. രണ്ട് കാലഘട്ടങ്ങളിലെ  സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Read more

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.