കേരള പൊലീസിന് അഭിമാനമാകാന്‍ അവരുടെ കഥയുമായി 'ഉണ്ട'; തരംഗമായി ട്രെയിലര്‍

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം “ഉണ്ട” പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. കേരള പൊലീസിന് എന്നും അഭിമാനമാകാന്‍ വക നല്‍കുന്ന ഒരു ചിത്രമാകും ഉണ്ട എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിന് നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളുടെയും പ്രശ്‌നങ്ങളുടെയും ഒരു നേര്‍കാഴ്ചയാവും ചിത്രമെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്. കേരള പൊലീസിന്റെ ധൈര്യവും ആത്മാര്‍ത്ഥതയും എല്ലാം വളരെ അനുഭവവേദ്യമായി പ്രേക്ഷകസമക്ഷം എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകരും നല്‍കുന്ന സൂചന.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ആ സ്വീകാര്യത തന്നെയാണ് ട്രെലിറിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി ഒരു ദിനം പിന്നിടാനൊരുങ്ങുമ്പോള്‍ ട്രെയിലറിന് ഏഴു ലക്ഷത്തിന് മേല്‍ കാഴ്ചക്കാരായിട്ടുണ്ട്.

Read more

സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ജൂണ്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും.