ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോള്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. പെല. ഫുട്‌ബോളിന്റെ പൂര്‍ണതയായിരുന്നു പെലെ. പെലെ നിറഞ്ഞു നില്‍ക്കെ ബ്രസീല്‍ മൂന്ന് തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ല്‍, പിന്നെ 1962ല്‍, ഒടുവില്‍ 1970ല്‍. ആകെ നാലു ലോകകപ്പുകളില്‍ പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. ഫുട്‌ബോള്‍ രംഗത്തെ അത്ഭുത പ്രതിഭയായിരുന്ന പെലെ അഭിനയത്തിലും തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു എന്നത് ചിലപ്പോള്‍ ഒരു അത്ഭുതമായിരിക്കും.
1971ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷം ഒരു ബ്രസീലിയന്‍ റൊമാന്റിക് കോമഡി സിനിമയിലാണ് പെലെ ആദ്യമായി മുഖം കാണിച്ചത്. പെലെയായി തന്നെയായാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഓ ബരാവോ ഒട്ടെലോ നോ ബരാട്ടോ ഡോസ് ബില്‍ഹോസ്’ എന്നാണ് സിനിമയുടെ പേര്.
1972ല്‍ എത്തിയ ‘എ മാര്‍ച്ച’ എന്ന സിനിമയിലാണ് പിന്നീട് പെലെ മുഖം കാണിച്ചത്. ചിക്കോ ബോണ്ടേഡ് എന്ന പ്രധാന കഥാപാത്രമായാണ് പെലെ സിനിമയില്‍ വേഷമിട്ടത്.
1981ല്‍ എത്തിയ ‘എസ്‌കേപ്പ് ടു വിക്ടറി’ എന്ന സിനിമ ഇതില്‍ പ്രധാനമാണ്. നാസി തടങ്കലില്‍ നിന്നും ഫുട്‌ബോള്‍ കളിച്ച് രക്ഷപ്പെടുന്ന ഒരു കൂട്ടം സഖ്യ സൈനികരുടെ കഥ പറയുന്ന ഈ സിനിമയില്‍ ഹോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സില്‍വസ്റ്റര്‍ സ്റ്റാലോണിനും മൈക്കല്‍ കെയ്നിനും ഒപ്പമാണ് പെലെ എന്ന പേരില്‍ തന്നെ ഇതിഹാസ താരം അഭിനയിച്ചത്. കോര്‍പ്പറല്‍ ലൂയിസ് ഫെര്‍ണാണ്ടസ് എന്ന കഥാപാത്രമായാണ് സിനിമയില്‍ പെലെ വേഷമിട്ടത്.
തന്നെ ഒരു കാലത്ത് രക്ഷിച്ച ഒരു ഫാദര്‍ നടത്തുന്ന അനാഥാലയം രക്ഷിക്കാന്‍ എത്തുന്ന പെലെ ആയാണ് 1983ലെ ‘ദ മൈനര്‍ മിറക്കിള്‍’ എന്ന സിനിമയില്‍ പെലെ വേഷമിട്ടത്. ഫുട്‌ബോള്‍ താരമായി തന്നെ എത്തുന്ന പെലെ ഇതില്‍ കുട്ടികളുടെ കോച്ചായി അഭിനയിക്കുന്നു. ഒടുവില്‍ ഒരു കാലത്ത് തന്നെ രക്ഷിച്ച ഫാദറിന്റെ കുട്ടികളെയും, അനാഥാലയത്തെയും രക്ഷിക്കുന്നു.
1986ല്‍ ഇറങ്ങിയ ‘ദ ട്രാംപ്‌സ് ആന്റ് ദ ഫുട്‌ബോള്‍ കിംഗ്’ എന്ന സിനിമയാണ് പെലെയുടെ മറ്റൊരു പ്രധാന ചിത്രം. നാസിമെന്റെ എന്ന കളിക്കാരനും സ്‌പോര്‍ട്‌സ് ലേഖകനുമായാണ് പെലെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ട്രാപാല്‍ഹോസ് എന്ന ഫുട്‌ബോള്‍ ക്ലബിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമങ്ങളാണ് പറയുന്നത്.
2016ല്‍ പുറത്തിറങ്ങിയ ‘പെലെ: ബേര്‍ത്ത് ഓഫ് എ ലെജന്റ്’ ആണ് പെലെയുടെ ബയോപിക്. ഇതില്‍ 1956 ലോകകപ്പ് എങ്ങനെ ബ്രസീല്‍ നേടി, പെലെ എന്ന ഇതിഹാസം എങ്ങനെ ജനിച്ചു എന്നൊക്കെയാണ് പറയുന്നത്. സിനിമയില്‍ ഒരു സുപ്രധാന രംഗത്ത് അതിഥി താരമായി പെലെ മുഖം കാണിക്കുന്നുമുണ്ട്. എആര്‍ റഹ്‌മാനാണ് ഈ സിനിമയ്ക്ക് സംഗീതം നല്‍കിയത്.
Read more
ലോക ഫുട്‌ബോള്‍ അസാമാന്യ പ്രതിഭകളുടെ അക്ഷയഖനിയായത് കൊണ്ട് കാലം പല പ്രതിഭകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ജന്മം നല്‍കിയേക്കാം, പക്ഷേ, ഇതിഹാസം അതൊന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. കാലാതിവര്‍ത്തിയായ ഇതിഹാസത്തിന്റെ ജീവിതത്തിന് പൂര്‍ണ്ണ വിരാമമാവുമ്പോഴും ആ ആരവങ്ങളുടെ പ്രകമ്പനം ഭൂമിയുള്ള നാള്‍ വരെ മുഴങ്ങിക്കൊണ്ടേയിരിക്കും.