ക്യാപ്റ്റന്‍ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തിമോപചാരം അര്‍പ്പിച്ച് വിജയ് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു.
വിജയ്‌യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒരാളോട് ദേഷ്യമുണ്ടെങ്കില്‍ അത് ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ട്, അതിന് പറ്റിയ സമയമല്ല ഇത്, ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് ആണ് വിജയ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്നേഹവും എപ്പോഴും ഉണ്ടായിരുന്നു.
Another video of slipper being thrown at vijay.
This is wrong!😕 😥pic.twitter.com/ssWiXWqMr8 https://t.co/lQ4xV2cJTO
— WarLord (@Mr_Ashthetics) December 29, 2023
നേരത്തെ വിജയകാന്ത് സുഖമില്ലാതെയായി ആശുപത്രിയില്‍ കിടന്നപ്പോഴും വിജയ്‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. കരിയര്‍ ഉയര്‍ത്താന്‍ സഹായിച്ച ക്യാപ്റ്റനെ വിജയ് അവഗണിച്ചു എന്ന് ആരോപിച്ച് നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരിയറില്‍ പരാജയപ്പെട്ട് കടത്തില്‍ മുങ്ങി നിന്ന സമയത്ത് സഹായിച്ച വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
വിജയ് നായകനായ ആദ്യ ചിത്രം ‘നാളെയ് തീര്‍പ്പ്’ പരാജയമായിരുന്നു. വിജയ്‌യുടെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം പരാജയമായതോടെ ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. ഒന്നുകില്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികള്‍.
രണ്ടാമത്തെ വഴിയാണ് അന്ന് വിജയ്യും പിതാവും തിരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കിയ നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയകാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയകാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല.
Read more
ക്യാപ്റ്റന്റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയ്ക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും. എന്നാല്‍ വിജയ് ക്യാപ്റ്റനെ പിന്നീട് കാണാന്‍ വന്നില്ല, ജന്മദിനത്തിന് ആശംസകള്‍ പോലും അറിയിച്ചില്ല, ക്യാപ്റ്റനെ അവഗണിച്ചു എന്ന തരത്തില്‍ ആയിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്.