75 രൂപയ്ക്ക് ടിക്കറ്റ് കിട്ടില്ല, കാരണം 'ബ്രഹ്‌മാസ്ത്ര'; ദേശീയ സിനിമാ ദിനം മാറ്റിവച്ചു

ദേശീയ സിനിമാ ദിനം മാറ്റി വച്ച് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍. സെപ്റ്റംബര്‍ 16ന് ദേശീയ സിനിമാ ദിനമായി ആഘോഷിക്കാനും രാജ്യം മുഴുവന്‍ 75 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍ ലഭ്യമാക്കാനും മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’യുടെ വിജയത്തെ തുടര്‍ന്നാണ് സിനിമാ ദിനം മാറ്റി വയ്ക്കാന്‍ മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എം.എ.ഐ) തീരുമാനിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം എം.എ.ഐ അറിയിച്ചത്.

”ദേശീയ സിനിമാ ദിനം സെപ്റ്റംബര്‍ 16 ന് നടത്തുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവിധ ഓഹരി ഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ച്, പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുന്നതിനായി, അത് സെപ്റ്റംബര്‍ 23 ന് നടത്തും” എന്നാണ് എം.എ.ഐയുടെ ട്വീറ്റ്.

ബഹിഷ്‌കരണാഹ്വാനങ്ങളെയും വിവാദങ്ങളെയും കാറ്റില്‍ പറത്തി കൊണ്ടാണ് ബ്രഹ്‌മാസ്ത്ര കുതിപ്പ് തുടരുന്നത്. മൂന്ന് ദിവസം കൊണ്ട് 225 കോടി സ്വന്തമാക്കാന്‍ ചിത്രത്തിനായി. ആദ്യദിനം 75 കോടിയാണ് നേടിയത്. 400 കോടി ബജറ്റിലാണ് അയാന്‍ മുഖര്‍ജി ബ്രഹ്‌മാസ്ത്ര ഒരുക്കിയത്.

Read more

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദേവ് 2025 ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് അയാന്‍ മുഖര്‍ജിയുടെ തീരുമാനം. ആലിയ ഭട്ട്, രണ്‍ബിര്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഒന്നാം ഭാഗം ശിവയില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ്, ഷാരൂഖ് ഖാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.