ദേശീയ ചലച്ചിത്ര അവാര്‍ഡ്: പട്ടികയില്‍ 'അയ്യപ്പനും കോശിയും'; അപര്‍ണ ബാലമുരളിക്ക് സാദ്ധ്യത

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടിയായി അപര്‍ണ ബാലമുരളി പരിഗണയിലുണ്ട്. മികച്ച സഹനടനുള്ള അന്തിമ പട്ടികയില്‍ ബിജു മേനോനും ഇടം നേടി.

മികച്ച നടനുള്ള പട്ടികയില്‍ സൂര്യ, അജയ് ദേവ്ഗണ്‍ എന്നിവരുമുണ്ടെന്നാണ് സൂചന.ഫഹദ് ഫാസില്‍, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരില്‍ പരിഗണിച്ചിരുന്നു. സച്ചി സംവിധാനം ചെയ്ത ചിത്രം ‘അയ്യപ്പനും കോശിയും’ മികച്ച സിനിമയുടെ അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നാണ് സൂചന. മികച്ച ശബ്ദ ലേഖനത്തിന് ‘മാലിക്കും’ പരിഗണനയിലുണ്ട്.

വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ, ജയസൂര്യയും, ട്രാന്‍സ്, മാലിക് എന്നിവയിലൂടെ ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ചവെച്ചു എന്നാണ് ജൂറി അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മൂന്ന് അവാര്‍ഡുകള്‍ നേടിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിഷ്വല്‍ ഇഫക്ട്‌സ് ദേശീയ പുരസ്‌കാരവും വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം സുജിത് സുധാകരനും വി സായിയും കരസ്ഥമാക്കി.