നമ്പി നാരായണനായി മാധവന്‍; വീണ്ടും റിലീസ് പ്രഖ്യാപിച്ച് 'റോക്കട്രി: ദ നമ്പി ഇഫക്ട്'

ആര്‍. മാധവന്‍ സംവിധായകനായും നായകനായും എത്തുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. 2022 ജൂലൈ ഒന്നിനാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസ് ചെയ്യുക. നേരത്തെ എപ്രില്‍ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി ദി നമ്പി എഫക്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയതും മാധവനാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ സിമ്രാനും രവി രാഘവേന്ദ്രയും പ്രധാന വേഷത്തിലെത്തുന്നു. സൂര്യ, ഷാരൂഖ് ഖാന്‍ എന്നിവര്‍ അതിഥി താരമായി വേഷമിടുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

1994 നവംബര്‍ 30ന് ചാരവൃത്തി ആരോപിച്ച് നമ്പി നാരാണനെ അറസ്റ്റ് ചെയ്യുകയും അന്‍പതു ദിവസം ജയിലില്‍ അടക്കുകയുമുണ്ടായി. ഐഎസ്ആര്‍ഒ വികസിപ്പിച്ചു കൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം.

പിന്നീട് നിരപരാധിയാണന്നു മനസിലാക്കി 1998ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. ഈ കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ.

View this post on Instagram

A post shared by R. Madhavan (@actormaddy)

Read more