സിനിമയില്‍ ഭാവനയാകാം. പക്ഷെ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുതെന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സീനിയര്‍ ശാസ്ത്രജ്ഞന്‍ ശശികുമാര്‍. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനാണ് ശശികുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിനിമയില്‍ കാണിച്ചിരിക്കുന്ന 90 ശതമാനം കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ശശികുമാറിന്റെ ആരോപണം.
അവാസ്തവമായ പ്രചാരണങ്ങള്‍, ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണിതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജന്‍ ചെറുകാടുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനങ്ങള്‍. സിനിമയിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ കഷ്ടമാണ് എന്നു പറഞ്ഞാല്‍ മാത്രം പോര. ക്രൂരവും രാജ്യദ്രോഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ തന്നെയാണ് അപമാനിക്കുന്നത്. ഐഎസ്ആര്‍ഒയിലെ മുഖ്യ ശാസ്ത്രജ്ഞന്‍ താനായിരുന്നു എന്ന രീതിയിലുള്ള നമ്പിയുടെ പ്രചരണങ്ങള്‍ തെറ്റാണ്. നമ്പിയേക്കാള്‍ നൂറിരട്ടി സേവനങ്ങള്‍ ചെയ്ത ഉന്നത ശാസ്ത്രജ്ഞര്‍ ഇത് നിസ്സഹായരായി കേള്‍ക്കുകയാണെന്നും ശശികുമാര്‍ പറഞ്ഞു. സിനിമയില്‍ ഭാവനയാകാം. പക്ഷേ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുത്.
Read more
പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കയാണ് നമ്പി നാരായണന്‍. സിനിമ വിജയിച്ചതിനാല്‍ അയാള്‍ക്ക് ലാഭം കിട്ടും. എന്നാല്‍ സിനിമയിലധികവും കാണിച്ചിരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. ബയോപിക് എന്ന നിലയില്‍ വന്ന സിനിമയില്‍ 90 ശതമാനവും അവാസ്തവമായ കാര്യങ്ങളാണ്. സിനിമയുടെ അവസാന ഭാഗത്ത് നമ്പി പ്രത്യക്ഷപ്പെടുന്നതിനാല്‍ സിനിമ പൂര്‍ണമായും ഫിക്ഷനല്ല. ഇതൊക്കെ തെറ്റാണോ ശരിയാണോ എന്ന് തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിയുകയുമില്ലെന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടി