ഷാരൂഖ് സിനിമയുടെ ചിത്രീകരണം തടഞ്ഞ് ബജ്‌റംഗ് ദളും വിശ്വഹിന്ദു പരിഷത്തും. മധ്യപ്രദേശ് ജബല്‍പൂരിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ബേദാഗട്ടില്‍ നടക്കുന്ന ചിത്രീകരണമാണ് തടഞ്ഞത്. ദുങ്കിയുടെ ചിത്രീകരണമാണ് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരും ചിത്രീകരണത്തിനുണ്ടായിരുന്നില്ല. ജബല്‍പൂരിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ദുവാന്‍ധറിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി ചിത്രീകരണം നടന്നുവരികയാണ്.
ചിത്രീകരണം നടക്കുന്നതിനിടയില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണ സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രതിഷേധ മാര്‍ച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞു.
ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധക്കാര്‍ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
Read more
കളക്ടറില്‍ നിന്ന് അനുമതി ലഭിച്ച ശേഷമാണ് ബേദാഗട്ടില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്ന് സിഎസ്പി പ്രിയങ്ക ശുക്ല പറഞ്ഞു. ചിത്രീകരണത്തിനെതിരെ പ്രതിഷേധം നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ മെമോറാണ്ടം സമര്‍പ്പിച്ചിരുന്നു. കാവി നിറത്തെ അപമാനിച്ച ഒരു അഭിനേതാവിനെയും നര്‍മദാ തീരത്തെ വിശുദ്ധമായ സ്ഥലത്ത് കയറ്റില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.