നടന്‍ സിബി തോമസ് ഇനി ഡി.വൈ.എസ്.പി

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം ലഭിച്ചു. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ നടന്‍ ‘തൊണ്ടിമുതലും ദൃസാക്ഷിയും’ എന്ന ചിത്രത്തിലെ എസ്‌ഐയുടെ വേഷത്തില്‍ ആണ് ശ്രദ്ധേയനായത്. പൊലീസ് കഥ പറഞ്ഞ രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്തായിരുന്നു. സൂര്യ നായകനായ ‘ജയ് ഭീമി’ലും സിബി അഭിനയിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും തുടരാന്‍ സാധിച്ചില്ല. പൊലീസില്‍ എത്തിയ സിബി തോമസ് പാലാരിവട്ടം, കണ്ണൂര്‍ ചൊക്ലി, കാസര്‍കോട് ആദൂര്‍ എന്നീ സ്റ്റേഷനുകളില്‍ സിഐ ആയിട്ടുണ്ട്.

2014, 2019, 2022 വര്‍ഷങ്ങളില്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്.