അത്തരക്കാർ വന്ന് ഓസ്കർ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും ഞാൻ നോ പറയും, എന്റെ സ്വഭാവം അങ്ങനെയാണ്; ഉണ്ണി മുകുന്ദൻ

താൻ അഭിനയിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. തലക്കനം ഉള്ളവർ വന്ന് ഓസ്കർ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും കൈ കൊടുക്കില്ല. തനിക്ക് ചില രീതികൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിനിടയിലാണ് നടൻ ഈക്കാര്യം വ്യക്തമാക്കിയത്.

ഒരു സാധാരണ ആൾ വന്ന് ഒരു സാധാരണ കഥ പറഞ്ഞാൽ താൻ കൈ കൊടുക്കുമെന്നും വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നോർമൽ ആള് വന്ന് ഒരു നോർമൽ കഥ പറഞ്ഞാൽ ഞാൻ കൈ കൊടുക്കും. പക്ഷേ, ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാൽ അത് ഓസ്കർ വിന്നിങ്ങ് സ്ക്രിപ്റ്റ് ആയാലും ഞാൻ അത് വേണ്ട എന്ന് വെക്കും. എന്റെ സ്വഭാവം അങ്ങനെയാണ്. അത്തരത്തിലുള്ള ആളുകളുമായി കൂട്ടു കൂടാൻ എനിക്ക് ഒത്തിരി ബുദ്ധിമുട്ടാണന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

താൻ നോ പറഞ്ഞ കഥകൾ ഒന്നും സിനിമയായിട്ടില്ല. മറ്റ് കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ കഥകൾ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതിൽ കുറ്റബോധം ഒന്നും ഉണ്ടാകാറില്ലെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. പൃഥ്വിരാജിന്റെ തിരക്കുകൾ കാരണം അദ്ദേഹത്തിന് ചെയ്യാൻ കഴിയാതിരുന്ന ചിത്രമായ മല്ലു സിങ് ആണ് തന്റെ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും ഉണ്ണി വ്യക്തമാക്കി.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ ആണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 20നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മോഹൻ ലാൽ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായർ, ശിവദ, അനു മോഹൻ, രാഹുൽ മാധവ്, അനു സിത്താര തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.