മനുഷ്യനെ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനെ അത് തിരുത്താനും ആകുകയുള്ളൂ; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി ശിവന്‍കുട്ടി

സംവിധായകന്‍ ജൂഡ് ആന്തണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെത്തിയ മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചു നീക്കുക തന്നെ വേണം..” എന്നാണ് വി ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്.

ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയായ സംഭവം നടന്നത്. ‘ജൂഡ് ആന്തണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് താരം എത്തിയത്.

‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്തണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി” എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Read more

മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുമായി ജൂഡ് ആന്തണിയും എത്തിയിരുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍ അഭിന്ദനമായാണ് തോന്നിയത് എന്നായിരുന്നു ജൂഡ് പറഞ്ഞത്. ”എനിക്ക് ആ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു” എന്നാണ് ജൂഡ് ആന്തണി കമന്റായി കുറിച്ചിരിക്കുന്നത്.