ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം; 'വാത്തി' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ‘വാത്തി’. ധനുഷിന് ഏറ്റവും വലിയ സാമ്പത്തിക വിജയം നേടികൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് വാത്തി. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ ആണ് നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്.

118 കോടിയാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍.

ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്. റിലീസ് ചെയ്ത ചെയ്ത ദിവസവും തുടര്‍ന്നുള്ള രണ്ട് ദിനങ്ങളിലെയും കളക്ഷന്‍ ചേര്‍ത്ത് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 51 കോടി നേടിയിട്ടുണ്ട്.

എന്നാല്‍ കേരളത്തില്‍ ചിത്രത്തിന് കാര്യമായി ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മാര്‍ച്ച് 17ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് വാത്തി പറയുന്നത്.

Read more

ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പി. ശശി കുമാര്‍, സമുദ്രക്കനി, ഹരീഷ് പേരടി, പ്രവീണ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.