ആസിഫ് അലിയേക്കാള്‍ പരിഹാസം നേരിട്ട വിജയ്, പരിഭവം കാണിക്കാതെ പിന്നിലിരുന്നു; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിക്രമും, ചര്‍ച്ചയായി വീഡിയോ

രമേഷ് നാരായണ്‍-ആസിഫ് അലി വിവാദം ചര്‍ച്ചകള്‍ കെട്ടടങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ തനിക്ക് വിഷമമോ പരിഭവമോ ഒന്നുമില്ല എന്ന് താരം പറഞ്ഞതോടെ വിവാദത്തിന് അവസാനമായത്. എന്നാല്‍ അപമാനിക്കപ്പെട്ട താരങ്ങളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്.

വിജയ്‌യുടെ ഒരു പഴയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് തമിഴ് സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് 2013ല്‍ വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിത, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരും മമ്മൂട്ടി, മോഹന്‍ലാല്‍, മധു തുടങ്ങിയവരും സമാപന ദിവസത്തെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത ചടങ്ങില്‍ നടന്‍ വിജയ്ക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയിരുന്നില്ല. മുന്‍നിരയിലെ കസേരകളില്‍ ഇരിക്കേണ്ട അതിഥികളുടെ പേര് രേഖപ്പെടുത്തിയുന്നു. എന്നാല്‍ അതില്‍ വിജയ്‌യുടെ പേര് ഉണ്ടായിരുന്നില്ല.

ഇതോടെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ വിജയ് പിന്‍നിരയിലെ സീറ്റില്‍ പോയി ഇരുന്നു. വിജയ് പിറകില്‍ മാറിയിരിക്കുന്നത് കണ്ടതോടെ നടന്‍ വിക്രം മുന്‍നിരയില്‍ നിന്ന് എഴുന്നേറ്റ് വിജയ്‌ക്കൊപ്പം ഇരുന്നു. പിന്നാലെ സംവിധായിക ഐശ്വര്യ രജിനികാന്തും വിജയ്‌ക്കൊപ്പം ഇരുന്നു.

No description available.

പരിപാടിക്ക് ശേഷം സംഘാടര്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് മാത്രമല്ല ഭാരതിരാജ, മണിരത്നം, ശങ്കര്‍, പി സുശീല, എസ്. ജാനകി, എ.ആര്‍ റഹ്‌മാന്‍ എന്നീ താരങ്ങളെ ആദരിക്കാത്തതും അന്ന് പരിപാടിയെ വിവാദത്തില്‍ ആക്കിയിരുന്നു.