അവതാറിനെയും വീഴ്ത്തി അവഞ്ചേഴ്‌സ്; ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍!

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വരവോടെ അതില്‍ ഒരു സ്ഥാന വ്യത്യാസം നേരത്തെ സംഭവിച്ചിരിക്കുന്നു. ടൈറ്റാനിക്കിനെ ഒരു പടി താഴേയ്ക്ക് ഇറക്കി രണ്ടാം സ്ഥാനക്കാരനായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ഇപ്പോഴിതാ അവതാറിനെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് അവഞ്ചേഴ്‌സ്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ ചീഫ് കെവിന്‍ ഫെയ്ഗ് ആണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 2.78 ബില്യണ്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ചിത്രം “അവതാര്‍”. ആ റെക്കോര്‍ഡാണ് “അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം” മറികടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന “ടൈറ്റാനിക്കി”ന്റെ ഇതുവരെയുള്ള കളക്ഷന്‍ 2.1 ബില്യണ്‍ ഡോളറാണ്. വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് എന്‍ഡ്‌ഗെയിം ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. രണ്ട് മില്യന്‍ ക്ലബിലെത്താന്‍ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു.

Read more

അതേസമയം, അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബര്‍ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജയിംസ് കാമറൂണ്‍. “അവതാര്‍ 2” ന് ബോക്‌സ് ഓഫീസില്‍ മത്സരിക്കാനുള്ളത് ഇനി “അവഞ്ചേഴ്‌സി”നോടാവും.